കെ സുധാകരന്റെ വരുമാന സ്രോതസ്സിനെക്കുറിച്ച് അന്വേഷണം ആരംഭിച്ച് വിജിലന്‍സ്

കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ വരുമാന സ്രോതസ്സിനെക്കുറിച്ച് അന്വേഷണം ആരംഭിച്ച് വിജിലന്‍സ്. സുധാകരന്റെ വരുമാനവും അക്കൗണ്ടുകളും സ്വത്തും പരിശോധിക്കുന്നതായി വിജിലന്‍സ് അറിയിച്ചു. കാടാച്ചിറ സ്‌കൂള്‍ ഏറ്റെടുക്കാന്‍ നടത്തിയ പണപ്പിരിവുമായി ബന്ധപ്പെട്ട് 2021 ല്‍ ലഭിച്ച പരാതി അനുസരിച്ചാണ് അന്വേഷണം.

നേരത്തെ, സുധാകരന്റെ ഭാര്യ സ്മിതയുടെ സ്വത്തു വിവരങ്ങള്‍ വിവരങ്ങളില്‍ അന്വേഷണം ആരംഭിച്ചിരുന്നു. അതിന്റെ ആദ്യപടിയെന്ന നിലയില്‍ ഭാര്യ സ്മിതയുടെ ശമ്പള വിവരങ്ങള്‍ തേടി സ്‌കൂള്‍ പ്രിന്‍സിപ്പലിന് നോട്ടീസ് അയച്ചു. കണ്ണൂര്‍ കാടാച്ചിറ ഹൈസ്‌കൂള്‍ പ്രധാന അധ്യാപകനാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

സുധാകരന്റെ കഴിഞ്ഞ 15 വര്‍ഷത്തെ വരുമാനവും സ്വത്ത് സമ്പാദനവും ആണ് അന്വേഷിക്കുന്നത്. പുതിയ അന്വേഷണം അല്ലെന്നും 2021ല്‍ തുടങ്ങിയതാണെന്നും വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ പറഞ്ഞു. സ്‌പെഷ്യല്‍ അസി. കമ്മീഷണര്‍ അബ്ദുല്‍ റസാക്കിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

തന്റെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ഇന്ന് രാവിലെ കെ സുധാകരന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. കള്ളപ്പണം അക്കൌണ്ടിലെത്തിയോ എന്നായിരിക്കും അന്വേഷണമെന്നും ഏത് തരത്തിലുള്ള അന്വേഷണവുമായും സഹകരിക്കുമെന്നും കെ സുധാകരന്‍ പറഞ്ഞു. കോഴിക്കോട് വിജിലന്‍സ് യൂണിറ്റാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

26-Jun-2023