സോഷ്യല്‍മീഡിയ നിയന്ത്രണം കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതിയുടെ വിമര്‍ശനം

വാട്‌സാപ്, ഫെയ്‌സ്ബുക്, ട്വിറ്റര്‍ തുടങ്ങിയ സാമൂഹ്യമാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കങ്ങള്‍ക്ക് സുപ്രീംകോടതിയില്‍ തിരിച്ചടി. കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായ രീതിയില്‍ വിമര്‍ശിച്ച സുപ്രീംകോടതി, സോഷ്യല്‍മീഡിയ ഉപയോഗിക്കുന്ന ഓരോ പൗരന്മാരുടെയും സന്ദേശങ്ങള്‍ പരിശോധിക്കാന്‍ തുടങ്ങിയാല്‍ രാജ്യം മുഴുവന്‍ ഭരണനേതൃത്വത്തിന്റെ നിരീക്ഷണത്തിലാകുമെന്ന് നിരീക്ഷിച്ചു. സാമൂഹ്യമാധ്യമങ്ങളിലെ ഓരോ ചലനവും നിരീക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ 'സോഷ്യല്‍ മീഡിയ ഹബ്ബ്' രൂപീകരിക്കാനുള്ള കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണമന്ത്രാലയത്തിന്റെ നീക്കത്തിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ മഹ്വവ മോയിത്ര നല്‍കിയ പൊതുതാല്‍പ്പര്യഹര്‍ജിയാണ് സുപ്രീംകോടതി പരിഗണിച്ചത്.

സോഷ്യല്‍ മീഡിയ ഹബ്ബ് രൂപീകരിക്കാനും പ്രവര്‍ത്തിപ്പിക്കാനും മേല്‍നോട്ടം വഹിക്കാനും അനുയോജ്യമായ ഏജന്‍സിയെ തെരഞ്ഞെടുക്കുന്നതിന് പൊതുമേഖല സ്ഥാപനമായ ദി ബ്രോഡ്കാസ്റ്റിങ് എന്‍ജിനിയറിങ് കണ്‍സള്‍ട്ടന്റ്‌സ് ഇന്ത്യ ലിമിറ്റഡ് (ബിഇസിഐഎല്‍) 2018 ജൂണില്‍ ടെന്‍ഡര്‍ ക്ഷണിച്ചിരുന്നു. ഫെയ്‌സ്ബുക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം, വാട്‌സാപ് തുടങ്ങിയ സാമൂഹ്യമാധ്യമങ്ങളിലെ പൗരന്മാരുടെ ഇടപെടലുകള്‍ 24 മണിക്കൂറും നിരീക്ഷിക്കുകയാണ് ഹബ്ബിന്റെ മുഖ്യദൗത്യം. സാമൂഹ്യമാധ്യമങ്ങളില്‍ ഏതൊക്കെ രീതിയിലുള്ള സന്ദേശങ്ങളാണ് പ്രചരിക്കുന്നത്, ആരൊക്കെയാണ് ശ്രദ്ധാകേന്ദ്രമാകുന്നത് തുടങ്ങിയവ പരിശോധിച്ച് പൗരന്മാരെ 'പോസിറ്റീവ്', 'നെഗറ്റീവ്' എന്നിങ്ങനെ തരംതിരിക്കുകയാണ് ഹബ്ബിന്റെ പ്രവര്‍ത്തനശൈലി. സാമൂഹ്യമാധ്യമങ്ങളെ കേന്ദ്രസര്‍ക്കാരിന്റെ കൈപ്പിടിയില്‍ ഒതുക്കാനുള്ള നീക്കമാണിതെന്ന വിമര്‍ശനം നേരത്തെ ഉയര്‍ന്നിരുന്നു. ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് സര്‍ക്കാരിന് നോട്ടീസയച്ചു.  

14-Jul-2018