ഏക സിവിൽ കോഡിനെ എതിർത്ത് സി പി എം രംഗത്ത്. ഏക സിവിൽ കോഡിലൂടെ തുല്യത ഉണ്ടാവില്ലെന്ന് ദില്ലിയിൽ ചേർന്ന സി പി എം പൊളിറ്റ് ബ്യൂറോ യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. അതുകൊണ്ടുതന്നെ ഏക സിവിൽ കോഡിനെ അംഗികരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ബിഹാറിലെ പാറ്റ്നയിൽ ചേർന്ന വിശാല പ്രതിപക്ഷ യോഗത്തെക്കുറിച്ചുള്ള പ്രതീക്ഷകളും യെച്ചൂരി പങ്കുവച്ചു. തമ്മിൽ സഹകരിച്ച് പ്രവർത്തിക്കണമെന്നാണ് പാറ്റ്നയിൽ തീരുമാനിച്ചത്. അത് എങ്ങനെ വേണം എന്നത് വരും യോഗങ്ങളിൽ തീരുമാനിക്കും. ഓരോ സംസ്ഥാനത്തും ഓരോ സാഹചര്യം ആണ് നിലവിലുള്ളത്. അത്തരം കാര്യങ്ങളെല്ലാം ചർച്ച ചെയ്ത് സഹകരണം സംബന്ധിച്ചുള്ള തീരുമാനം സംസ്ഥാനങ്ങളിൽ എടുക്കണമന്നതാണ് സി പി എം ആവശ്യപ്പെട്ടതെന്നും യെച്ചൂരി വിവരിച്ചു.
അതേസമയം കെ പി സി സി അധ്യക്ഷൻ കെ സുധാകരൻറെ അറസ്റ്റിലും യെച്ചൂരി പ്രതികരിച്ചു. അറസ്റ്റ് രാഷ്ടീയവുമായി ബന്ധമുള്ളതല്ലെന്നാണ് യെച്ചൂരി അഭിപ്രായപ്പെട്ടത്. പൊലീസിൻറെ നടപടികളിൽ പാർട്ടി ഇടപെടാറില്ലെന്നും അദ്ദേഹം പറഞ്ഞു.