നന്ദിനി കേരളത്തിൽ കൂടുതൽ ഔട്ട്‌ലെറ്റുകള്‍ തുറക്കില്ല

കേരളത്തിൽ നന്ദിനി പാലിന്റെ കൂടുതൽ ഔട്ട്‌ലെറ്റുകള്‍ തുറക്കാനുള്ള തീരുമാനത്തിൽനിന്ന് പിന്മാറി കര്‍ണാടക മില്‍ക്ക് ഫെഡറേഷന്‍ (കെ എം എഫ്). ഇക്കാര്യം സംസ്ഥാന സര്‍ക്കാരിനെയും കേരള മില്‍ക്ക് ഫെഡറേഷനെയും അറിയിച്ചു.കേരളത്തിൽ നന്ദിനിയുടെ പുതിയ ഔട്ട്‌ലെറ്റുകള്‍ തുടങ്ങില്ലെന്ന് കെ എം എഫ് അറിയിച്ചതായി മന്ത്രി ജെ ചിഞ്ചുറാണി വ്യക്തമാക്കി. കേരളത്തിൽ നന്ദിനി വേണ്ടെന്നും മിൽമ മതിയെന്നും മന്ത്രി പറഞ്ഞു.

എറണാകുളം ജില്ലയിലെ കാക്കനാട്, എളമക്കര, പത്തനംതിട്ടയിലെ പന്തളം, മലപ്പുറം ജില്ലയിലെ മ‍ഞ്ചേരി, തിരൂര്‍, ഇടുക്കിയിലെ തൊടുപുഴ എന്നിവിടങ്ങളിൽ നന്ദിനി ഔട്ട്​ലെറ്റുകള്‍ തുറന്നിരുന്നു. ഇതേത്തുടർന്ന് മിൽമയും സംസ്ഥാന സർക്കാരും എതിർപ്പുയർത്തിയിരുന്നു. ഇതേത്തുടർന്നാണ് കെ എം എഫിന്റെ തീരുമാനം.

കര്‍ണാടകയിൽ പുതുതായി അധികാരമേറ്റ കോണ്‍ഗ്രസ് സര്‍ക്കാര്‍ കെ എം എഫ് തലപ്പത്ത് അഴിച്ചുപണി നടത്തിയതിന് പിന്നാലെയാണ് കേരളത്തില്‍ കൂടുതൽ ഔട്ട്‌ലെറ്റുകള്‍ തുടങ്ങാനുള്ള തീരുമാനത്തില്‍ നന്ദിനി പിന്മാറിയത്.സഹകരണ തത്വം പാലിക്കണമെന്ന പുതിയ കോണ്‍ഗ്രസ് സർക്കാരിന്‍റെ തീരുമാനവും ഇക്കാര്യത്തിൽ നിർണായകമായി. നിലവില്‍ പ്രവർത്തിക്കുന്ന ഔട്ട്​ലെറ്റുകള്‍ പൂട്ടിയേക്കുമെന്നാണ് വിവരം. ഇക്കാര്യത്തില്‍ വരും ദിവസങ്ങളില്‍ തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്.

28-Jun-2023