കേരളത്തിന് 8,323 കോടി രൂപ അധികമായി കടമെടുക്കാൻ അനുമതി
അഡ്മിൻ
കേരളത്തിന് 8,323 കോടി രൂപ അധികമായി കടമെടുക്കാൻ കേന്ദ്ര ധനമന്ത്രാലയത്തിന്റെ അനുമതി. വൈദ്യുതി മേഖലയിലെ പരിഷ്‌കാരങ്ങൾ നടപ്പിലാക്കാനാണ് തുക അനുവദിച്ചത്.കേരളം ഉൾപ്പെടെ 12 സംസ്ഥാനങ്ങൾക്ക് 66, 413 കോടി രൂപയാണ് കേന്ദ്രം മൊത്തമായി അനുവദിച്ചത്.
15-ാം ധനകാര്യ കമ്മീഷന്റെ ശുപാർശ പ്രകാരം 2021 മുതൽ 2024 വരെ ഓരോ വർഷവും സംസ്ഥാന ജിഡിപിയുടെ ദശാംശം അഞ്ചുശതമാനം തുക അധികമായി കടമെടുക്കാൻ അനുമതി നൽകുമെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് തുക അനുവദിച്ചത് എന്നാണ് റിപ്പോർട്ടുകൾ.
നേരത്തെ കേരളത്തിന്റെ കടമെടുക്കൽ പരിധി കേന്ദ്രം വെട്ടിക്കുറച്ചതിനെതിരെ സംസ്ഥാന സർക്കാർ വിമർശനം ഉന്നയിച്ചിരുന്നു. 32000 കോടി കടമെടുക്കാമെന്നിരിക്കേ, 15,390 കോടി രൂപ മാത്രമാണ് അനുവദിച്ചത് എന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ വാദം.
ഏപ്രിൽ മാസം അനുവദിച്ച 2000 കോടി കിഴിച്ച് ഇനി 13,390 കോടി രൂപ മാത്രമേ സംസ്ഥാനത്തിന് കടമെടുക്കാൻ കഴിയൂ എന്നും ഇത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കുമെന്നുമാണ് സംസ്ഥാന സർക്കാരിന്റെ വിശദീകരണം.