വധശ്രമം, ചന്ദ്രശേഖർ ആസാദ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

വധശ്രമത്തിൽ നിന്ന് രക്ഷപ്പെട്ട ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന്‍റെ ചികിത്സ സഹറൺപൂരിലെ ജില്ലാ ആശുപത്രിയിൽ തുടരുന്നു. ചന്ദ്രശേഖർ ആസാദിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ ആറിയിച്ചു.

നിലവിൽ ഐ സി യു വിൽ നിരീക്ഷണത്തിലാണ് ആസാദ്. മറ്റു ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായില്ലെങ്കിൽ ആസാദിനെ ഇന്ന് ഡിസ്ചാർജ്ജ് ചെയ്യുമെന്ന് ഡോക്ടർമാർ അറിയിച്ചു. ഉത്തര്‍പ്രദേശിലെ സഹാറന്‍പൂരില്‍ കാറില്‍ സഞ്ചരിക്കുകയായിരുന്ന ചന്ദ്രശേഖര്‍ ആസാദിന് നേരെ കാറിലെത്തിയ ഒരു സംഘം വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റെങ്കിലും തലനാരിഴയ്ക്കാണ് ആസാദ് രക്ഷപ്പെട്ടത്.

കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചേകാലോടെയാണ് സംഭവം. ഇളയ സഹോദരനുൾപ്പെടെ അഞ്ച് പേർക്ക് ഒപ്പം കാറിൽ സഹാറൻപൂരിലേക്ക് പോകുന്നതിനിടെയാണ് ആക്രമണം. ഹരിയാന രജിസ്ട്രേഷൻ കാറിൽ എത്തിയ സംഘമാണ് വെടിയുതിര്‍ത്തത്.

ആക്രമികൾ എത്തിയ ഹരിയാന രജിസ്ട്രേഷനിലുള്ള കാറിന്‍റെ നമ്പർ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ് സംഘം. ആക്രമണത്തിൽ രണ്ട് വെടിയുണ്ടകൾ കാറിൽ തുളഞ്ഞ് കയറിയിരുന്നു. ഒരു വെടിയുണ്ട കാറിന്‍റെ ചില്ലുകള്‍ തകർത്തു അകത്ത് കയറി. മറ്റൊരു വെടിയുണ്ട സീറ്റിലാണ് തുളഞ്ഞുകയറിയത്. ഈ വെടിയുണ്ട കൊണ്ടാണ് ആസാദിന് പരിക്കേറ്റത്. ആസാദിന്റെ ഇടുപ്പില്‍ വെടിയുണ്ടയേറ്റെങ്കിലും പരിക്ക് ഗുരുതരമല്ല. വധശ്രമത്തിന്‍റെ പശ്ചാത്തലത്തിൽ ആസാദിന് പൊലീസ് സുരക്ഷ നൽകും.

29-Jun-2023