ഷാഫി പറമ്പിലിനെ വിമര്‍ശിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവിന് സസ്‌പെന്‍ഷന്‍

കോൺഗ്രസ് നേതാവ് ഷാഫി പറമ്പില്‍ എംഎല്‍എയെ വിമര്‍ശിച്ച് രംഗത്തുവന്ന യൂത്ത് കോണ്‍ഗ്രസ് നേതാവിനെ സസ്പെന്‍ഡ് ചെയ്തു. പാലക്കാട് നിയോജകമണ്ഡലം പ്രസിഡന്റ് സദ്ദാം ഹുസൈനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കോണ്‍ഗ്രസ് പാലക്കാട് ജില്ലാ കമ്മിറ്റിയുടെതാണ് നടപടി.

ഷാഫി പറമ്പിലിനെതിരെ പത്രസമ്മേളനം നടത്തി വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചുവെന്നാണ് സദ്ദാം ഹുസൈനെതിരെ പാലക്കാട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആരോപണം. ഇതിന് പുറമേ സദ്ദാം ഹുസൈന്‍ അച്ചടക്കലംഘനം നടത്തിയെന്ന ആരോപണവുമുണ്ട്.

യൂത്ത് കോൺ​ഗ്രസ് മണ്ഡലം പ്രസിഡൻ്റായ സദ്ദാം ഹുസൈൻ ഉന്നയിച്ചത് വ്യാജ ആരോപണങ്ങളാണെന്ന് ഡിസിസി വാർത്താക്കുറിപ്പിൽ പറഞ്ഞു. യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ എ ഗ്രൂപ്പ് സ്ഥാനാർത്ഥിയെ വിജയിപ്പിക്കാൻ തന്റെ നോമിനേഷൻ ഷാഫി മനപ്പൂർവ്വം തള്ളിയെന്നും ഇത് ജനാധിപത്യത്തെ അട്ടിമറിക്കുന്ന പ്രവണതയാണെന്നുമാണ് സദ്ദാം ആരോപിച്ചത്.

ബിജെപിയിലെ ഉന്നത നേതാക്കളുമായി ഷാഫി പറമ്പിലിന് രഹസ്യ ബന്ധമുണ്ടെന്ന് സദ്ദാം ഹുസൈൻ വിമര്‍ശിച്ചിരുന്നു ബിജെപിക്കെതിരെ സമരം ചെയ്യരുതെന്ന് പ്രവർത്തകർക്ക് ഷാഫി നിർദേശം നൽകിയിരുന്നു. പാലക്കാട് നഗരസഭ ബിജെപിക്ക് നൽകി മണ്ഡലം നിലനിർത്താൻ ധാരാണയുണ്ടാക്കിയെന്നും സദ്ദാം ഹുസൈൻ ആരോപിക്കുകയുണ്ടായി.

29-Jun-2023