ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ഏകീകൃത സിവില്‍ കോഡ് ഉയര്‍ത്തുന്നത്: എം.വി ഗോവിന്ദന്‍ മാസ്റ്റർ

ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ഏകീകൃത സിവില്‍ കോഡ് ഉയര്‍ത്തുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാസ്റ്റർ . സിവില്‍ കോഡിനെ കുറിച്ച് ഇപ്പോള്‍ പറയുന്നത് ഭൂരിപക്ഷ ഹിന്ദുക്കളുടെ വോട്ട് പെട്ടിയിലാക്കാനാണ്. ഒന്നും പറയാനില്ലാത്തതിനാലാണ് വര്‍ഗീയ ധ്രുവീകരണ അജണ്ടയില്‍ കേന്ദ്രീകരിക്കുന്നതെന്നും ഗോവിന്ദന്‍ മാസ്റ്റർ കുറ്റപ്പെടുത്തി. ദേശാഭിമാനിയിലെ ലേഖനത്തിലാണ് സെക്രട്ടറി നിലപാട് വ്യക്തമാക്കിയത്.

ഏകീകൃത സിവില്‍ കോഡ് സമത്വം സ്ഥാപിക്കാന്‍ അനിവാര്യമാണെന്ന ആഖ്യാനമാണ് ബിജെപിയും മോദിയും നടത്തുന്നത്. എന്നാല്‍, ബിജെപി വരുത്താന്‍ പോകുന്ന ഈ എകീകരണം സമത്വത്തിനു തുല്യമാകുമെന്ന അഭിപ്രായം സിപിഐ എമ്മിന് ഇല്ല. വിവിധ സമുദായങ്ങളിലെ സ്ത്രീ പുരുഷന്മാരുടെ ജനാധിപത്യപരമായ പങ്കാളിത്തത്തോടെയാണ് നടപ്പുനിയമങ്ങളിലും വ്യക്തി നിയമങ്ങളിലും മാറ്റംവരുത്തേണ്ടത് എന്നാണ് സിപിഐ എമ്മിന്റെ അഭിപ്രായം.

ഇന്നത്തെ സാഹചര്യത്തില്‍ ഏകീകൃത സിവില്‍ കോഡ് അത്യാവശ്യമോ അഭിലഷണിയമോ അല്ലെന്ന 2018ലെ ലോ കമീഷന്റെ അഭിപ്രായമാണ് ശരി. ബിജെപിയും മോദിയും ഇപ്പോള്‍ എകീകൃത സിവല്‍ കോഡിനെക്കുറിച്ച് പറയുന്നത് ഭൂരിപക്ഷ ഹിന്ദുക്കളുടെ വോട്ട് പെട്ടിയിലാക്കാനാണ്. രാജ്യത്തെമ്പാടും, പ്രത്യേകിച്ചും ഉത്തരേന്ത്യയില്‍ ചെറുതും വലുതുമായ വര്‍ഗീയ കലാപങ്ങള്‍ക്ക് തിരികൊളുത്തിയതും ഇതേ ലക്ഷ്യംവച്ചാണ്. വികസനത്തെക്കുറിച്ചോ, ക്ഷേമപ്രവര്‍ത്തനങ്ങളെക്കുറിച്ചോ ഒന്നും പറയാനില്ലാത്തതിനാലാണ് വര്‍ഗീയധ്രുവീകരണ അജന്‍ഡയില്‍ ബിജെപി കേന്ദ്രീകരിക്കുന്നത്.

35,000ല്‍ അധികം അര്‍ധസൈനിക സേനയെയും സൈന്യത്തെയും വിന്യസിച്ചിട്ടും മണിപ്പുര്‍ നിന്നുകത്തുകയാണ്. പൊലീസ് സ്റ്റേഷനില്‍നിന്ന് ആയുധം കൊള്ളയടിക്കപ്പെടുന്നു. കേന്ദ്ര സംസ്ഥാന മന്ത്രിമാരുടെയും എംഎല്‍മാരുടെയും വീടുകള്‍ അഗ്‌നിക്ക് ഇരയാക്കപ്പെടുന്നു. ഇതിനകം നൂറിലധികം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. 250ല്‍ അധികം ചര്‍ച്ചുകള്‍ തകര്‍ക്കപ്പെട്ടു. അരലക്ഷത്തോളംപേര്‍ അഭയാര്‍ഥി ക്യാമ്പുകളിലാണ് കഴിയുന്നത്. ഭരണം പൂര്‍ണമായും സ്തംഭിച്ചിരിക്കുന്നു. സര്‍ക്കാര്‍ ഓഫീസുകളും സ്‌കൂളുകളും പ്രവര്‍ത്തിക്കുന്നില്ല. എന്നിട്ടും പ്രധാനമന്ത്രി മൗനംതുടരുകയാണ്.

സമാധാനം സ്ഥാപിക്കാന്‍ ശ്രമിക്കുന്നതിനു പകരം ബി.ജെ.പി മുഖ്യമന്ത്രി എകപക്ഷീയമായാണ് പെരുമാറുന്നതെന്ന് പരക്കെ ആക്ഷേപമുയരുന്നു. അതുകൊണ്ടുതന്നെ സമാധാന ശ്രമങ്ങളൊന്നും വിജയം കണ്ടിട്ടില്ല. ഡബിള്‍ എന്‍ജിന്‍ സര്‍ക്കാര്‍ മണിപ്പുരില്‍ പൂര്‍ണമായും പരാജയമാണെന്ന് ജനങ്ങള്‍ക്ക് അനുഭവത്തില്‍നിന്നും ബോധ്യപ്പെട്ടിരിക്കുന്നു. ഈ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ബിരേന്‍ സിങ്ങിനെ മാറ്റി മണിപ്പുരിനെ സാധാരണ സ്ഥിതിയിലാക്കാനുള്ള ശ്രമങ്ങള്‍ ഇനിയെങ്കിലും കേന്ദ്ര സര്‍ക്കാര്‍ നടത്തണമെന്നാണ് സിപിഐ എമ്മിന്റെ അഭിപ്രായമെന്നും ലേഖനത്തില്‍ പറയുന്നു.

29-Jun-2023