കേസ് രാഷ്ട്രീയപ്രേരിതമാണെന്ന കെ എം ഷാജിയുടെ വാദം തെറ്റാണെന്ന് സർക്കാർ
അഡ്മിൻ
മുസ്ലിംലീഗ് നേതാവ് കെ എം ഷാജിക്കെതിരായ പ്ലസ്ടു കോഴക്കേസ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച് സംസ്ഥാന സർക്കാർ. ഷാജിക്കെതിരെ അന്വേഷണം നടത്താൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് സർക്കാർ സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചു.
കേസ് രാഷ്ട്രീയപ്രേരിതമാണെന്ന കെ എം ഷാജിയുടെ വാദം തെറ്റാണെന്ന് സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നു. കേസിലെ സാക്ഷികൾ ഭൂരിഭാഗവും മുസ്ലിംലീഗ് പ്രവർത്തകരോ ഭാരവാഹികളോ ആണെന്നാണ് ഇതിന് സർക്കാർ നൽകുന്ന വിശദീകരണം.
കോഴ നൽകിയെന്ന് സ്കൂൾ മാനേജർ മജിസ്ട്രേറ്റിന് മുമ്പാകെ നൽകിയ രഹസ്യ മൊഴിയിൽ സമ്മതിച്ചിട്ടുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കെ എം ഷാജിക്കെതിരെ വിജിലൻസ് രജിസ്റ്റർ ചെയ്ത എഫ്ഐആർ ഹൈക്കോടതി റദ്ദാക്കിയിരുന്നു. 2014 ൽ അഴീക്കോട് സ്കൂളിൽ പ്ലസ് ടു ബാച്ച് അനുവദിക്കാൻ ഷാജി 25 ലക്ഷം കോഴ വാങ്ങിയെന്ന പരാതിയിൽ 2020ലാണ് വിജിലൻസ് കേസ് എടുക്കുന്നത്.