ഷാജൻ സ്കറിയ രാജ്യം വിടാതിരിക്കാൻ വിമാനത്താവളങ്ങളിൽ ലുക്ക് ഔട്ട് നോട്ടീസ്

പി വി ശ്രീനിജൻ എംഎൽഎ നൽകിയ അപകീർത്തി കേസിൽ ഷാജൻ സ്‌കറിയയുടെ മുൻ‌കൂർ ജാമ്യാപേക്ഷ ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇതോടെ ഷാജൻ സ്‌കറിയയുടെ അറസ്റ്റിന് വഴിയൊരുക്കുകയാണ് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ഷാജൻ സ്‌കറിയ പോകാൻ സാധ്യതയുള്ള ഇടങ്ങളിലെല്ലാം പൊലീസ് പരിശോധന നടത്തുന്നുണ്ട് .

കഴിഞ്ഞ രണ്ടാഴ്ചയായി ഇയാൾ ഒളിവിലാണെന്നും പൊലീസ് പറയുന്നു. ഷാജന്റെ ഫോണും സ്വിച്ച് ഓഫാണ്. ഇയ്യാൾ രാജ്യം വിടാതിരിക്കാൻ വിമാനത്താവളങ്ങളിൽ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് നൽകിയിട്ടുണ്ട്.ഷാജൻ സ്‌കറിയ്‌ക്കെതിരെ എസ് സി എസ് ടി പീഡന നിരോധന നിയമം നിലനിൽക്കില്ലെന്ന അഭിഭാഷകന്റെ വാദം തള്ളിയാണ് ഹൈക്കോടതി ഉത്തരവ്.

എസ് സി എസ് ടി പീഡന നിരോധന നിയമം നിലനിൽക്കുമെന്നും മുൻ‌കൂർ ജാമ്യ ഹർജി തള്ളുന്നുവെന്നുമാണ് ജസ്റ്റിസ് വി ജി അരുണിന്റെ ബെഞ്ച് ഉത്തരവിട്ടത്. നേരത്തെയുള്ള ജാമ്യഹർജിയിൽ വാദം കേൾക്കുമ്പോൾ ഷാജന്റേത് യഥാർത്ഥ മാധ്യമ പ്രവർത്തനമല്ലെന്ന് കോടതി നിരീക്ഷിച്ചിരുന്നു. പിന്നാലെ ഹൈക്കോടതി മുൻ‌കൂർ ജാമ്യഹർജി തള്ളിയതോടെ ഷാജന്റെ അറസ്റ്റിനുള്ള നീക്കങ്ങളും പൊലീസ് ശക്തമാക്കി.

01-Jul-2023