ഷൂക്കൂര്‍ വധക്കേസില്‍ കോണ്‍ഗ്രസ് നേതാവ് ബിആര്‍എം ഷഫീറിന്റെ വെളിപ്പെടുത്തലിന് പിന്നാലെ നടപടി ആവശ്യപ്പെട്ട് സിപിഐഎം രംഗത്ത്. വ്യാജ തെളിവുണ്ടാക്കിയതിന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനെതിരെ കേസെടുക്കണമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ ആവശ്യപ്പെട്ടു.
ഷുക്കൂര്‍ കേസില്‍ തുടരന്വേഷണം വേണം. വ്യാജ തെളിവുണ്ടാക്കുന്നത് ജീവപര്യന്തം ശിക്ഷ ലഭിക്കുന്ന കുറ്റമാണെന്നും എം വി ജയരാജന്‍ പറഞ്ഞു. അതേസമയം, ഷഫീറിന്റെ വെളിപ്പെടുത്തലിലൂടെ കെ.സുധാകരന്റെ ആര്‍എസ്എസ് ബന്ധം ഒരിക്കല്‍ കൂടി വ്യക്തമാക്കുന്നുവെന്നായിരുന്നു സിപിഐഎം നേതാവ് പി.ജയരാജന്റെ പ്രതികരണം.
ബിജെപിയുടെ കാലത്തും സുധാകരന്‍ അന്വേഷണ ഏജന്‍സിയെ സ്വാധീനിച്ചെന്ന് വ്യക്തമായി. ഷഫീറിന്റെ വെളിപ്പെടുത്തല്‍ ഷുക്കൂര്‍ കേസില്‍ സിപിഐഎം പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കിയതാണെന്ന കാര്യം ശരിവെയ്ക്കുന്നതാണ്. പ്രവര്‍ത്തകരെ കുടുക്കിയതിന് പിന്നില്‍ യുഡിഎഫ് സര്‍ക്കാരാണെന്നും പി.ജയരാജന്‍ പറഞ്ഞിരുന്നു.
ഷുക്കൂര്‍ വധക്കേസില്‍ കെ. സുധാകരന്‍ പൊലീസിനെ വിരട്ടി എഫ്‌ഐആര്‍ ഇട്ടു എന്നായിരുന്നു ബി.ആര്‍.എം ഷഫീറിന്റെ വെളിപ്പെടുത്തല്‍. പി ജയരാജനെയും ടി വി രാജേഷിനെയും പ്രതിയാക്കിയതിന് പിന്നിലും സുധാകരനാണെന്നും സിബിഐ അന്വേഷണത്തിന് വേണ്ടി സുധാകരന്‍ ദില്ലിയില്‍ പോയെന്നും ഷഫീര്‍ പറഞ്ഞിരുന്നു.