മണിപ്പൂരിൽ വീണ്ടും ആക്രമണം. ബിഷ്ണുപൂർ ജില്ലയിൽ സയുധർ നടത്തിയ വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. മെയ്തേയ് സന്നദ്ധപ്രവർത്തകരാണ് കൊല്ലപ്പെട്ടതെന്നാണ് സൂചന. കുക്കി വിമതരാണ് ആക്രമണം നടത്തിയതെന്നും റിപ്പോർട്ടുണ്ട്. ബിഷ്ണുപൂരിലെ ഖുംബി ടൗണിലാണ് സംഭവം.
ലിംഗങ്ങ്താബി റസിഡൻഷ്യൽ സ്‌കൂളിന് സമീപമുള്ള ലിംഗങ്ങ്താബി പൊലീസ് ഔട്ട്‌പോസ്റ്റിന് സമീപമാണ് ആക്രമണം നടന്നത്. ശനിയാഴ്ച രാത്രി 12:30 ഓടെ വടക്ക്-പടിഞ്ഞാറ് ദിശയിൽ നിന്ന് വെടിയൊച്ചകൾ കേട്ടതായി വൃത്തങ്ങൾ അറിയിച്ചു. അതിനുശേഷം, ഏകദേശം 2:20 ന്, സായുധ കലാപകാരികളെന്ന് സംശയിക്കുന്ന സംഘങ്ങളും ഡമ്പി ഹിൽ ഏരിയയിൽ നിന്ന് VDF/ പൊലീസ് കമാൻഡോകൾ നിലയുറപ്പിച്ച സ്ഥാനത്തേക്ക് വെടിയുതിർക്കാൻ തുടങ്ങി.
തുടർന്ന് VDF/പൊലീസ് കമാൻഡോകൾ തിരിച്ചടിച്ചു. ഞായറാഴ്ച രാവിലെ വരെ വെടിവെപ്പ് തുടർന്നു. മെയ്തേയ് സമുദായത്തിൽപ്പെട്ട മൂന്ന് പേരാണ് മരിച്ചത്. അതേസമയം അക്രമബാധിതമായ മണിപ്പൂരിലെ ഇംഫാൽ വെസ്റ്റ് ജില്ലയിൽ 144 പ്രകാരമുള്ള നിയന്ത്രണങ്ങളിൽ ഞായറാഴ്ച ഇളവ് വരുത്തി. ജില്ലയിൽ ക്രമസമാധാനം മെച്ചപ്പെട്ടതിനാലാണ് തീരുമാനം.