ഏകസിവിൽ കോഡ്; സിപിഐഎം ക്ഷണം സ്വാഗതം ചെയ്ത് മുസ്ലീം ലീഗ്

കേന്ദ്രസർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ഏക സിവില്‍ കോഡ് വിഷയത്തില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്ററുടെ പ്രസ്താവനയെ സ്വാഗതം ചെയ്ത് മുസ്ലീം ലീഗ്. ഇടതുപക്ഷം ഉള്‍പ്പടെ എല്ലാവരുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

ഏക സിവില്‍ കോഡില്‍ ലീഗുമായി യോജിക്കുന്നതില്‍ പ്രശ്‌നമില്ലെന്ന എം വി ഗോവിന്ദൻ മാസ്റ്ററുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് പ്രതികരണം. ഏക സിവില്‍ കോഡിനെതിരെ ആരുമായും സഹകരിക്കും. ഏക സിവില്‍ കോഡ് വിരുദ്ധ മുന്നണിയില്‍ ലീഗും അംഗമാകും. പാര്‍ലമെന്റ് ബില്‍ പാസാക്കാന്‍ പാടില്ലെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

ഇതോടൊപ്പം തന്നെ സുന്നി ഐക്യവുമായി ബന്ധപ്പെട്ട് മധ്യസ്ഥനാകാന്‍ മുസ്ലിം ലീഗ് തയ്യാറാണെന്നും സാദിഖലി ശിഹാബ് തങ്ങള്‍ അറിയിച്ചു. ലീഗ് എന്നും മധ്യസ്ഥന്റെ റോളില്‍ ആണ്. ഐക്യം സാധ്യമാകുമെന്നാണ് പ്രതീക്ഷ. നേതാക്കളുടെ പ്രതികരണങ്ങള്‍ ആത്മവിശ്വാസം വര്‍ധിപ്പിച്ചു. സമസ്തയുടെ നൂറാം വാര്‍ഷികത്തിന് മുന്‍പ് ഐക്യം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഏക സിവില്‍ കോഡ് വിഷയത്തില്‍ മുസ്ലീം ലീഗുമായി യോജിക്കുന്നതില്‍ പ്രശ്‌നമില്ലെന്ന് ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ എം വി ഗോവിന്ദന്‍ മാസ്റ്റർ പറഞ്ഞിരുന്നു. യുസിസിയുടെ കാര്യത്തില്‍ കോണ്‍ഗ്രസ് പല തട്ടിലാണ്. ഏക സിവില്‍ കോഡ് വിഷയത്തില്‍ ലീഗുമായി യോജിക്കുന്നതില്‍ പ്രശ്‌നമില്ല. അതൊരു രാഷ്ട്രീയ മുന്നണിയല്ല. ലീഗ് യുഡിഎഫിന്റെ ഭാഗമാണ്. അവരുമായി എങ്ങനെ സഖ്യമുണ്ടാക്കും? ലീഗ് ശരിയായ നിലപാട് സ്വീകരിക്കുമ്പോള്‍ അതിനെ സ്വാഗതം ചെയ്യാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

02-Jul-2023