കേരളീയരെ ഭിന്നിപ്പിക്കുക എന്നത് സംഘപരിവാർ അജണ്ടയാണ്: എ എ റഹിം
അഡ്മിൻ
ഹൈബി ഈഡൻ എംപി സ്വകാര്യ ബില്ലിലൂടെ ആവശ്യപ്പെട്ട കേരളത്തിന്റെ തലസ്ഥാന മാറ്റത്തെ വിമർശിച്ച് എ എ റഹിം എംപി. സംസ്ഥാന തലസ്ഥാനം തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക് മാറ്റണം എന്നതായിരുന്നു ഹൈബി ഈഡൻ എംപിയുടെ സ്വകാര്യ ബില്ലിൽ ആവശ്യപ്പെട്ടിരുന്നത്. ഹൈബി ഈഡന്റെ ആവശ്യം കേരളീയരെ ഭിന്നിപ്പിക്കാനുള്ള ഗൂഢ ലക്ഷ്യത്തോടെയുള്ളതാണെന്ന് റഹിം പറഞ്ഞു.
കേരളീയരെ ഭിന്നിപ്പിക്കുക എന്നത് സംഘപരിവാർ അജണ്ടയാണ്.കോൺഗ്രസ്സ് നേതാക്കൾ, തലസ്ഥാന മാറ്റം എന്ന ആവശ്യം,കോൺഗ്രസ്സിന്റെ അജണ്ടയല്ലെന്ന് വ്യക്തമാക്കിയിരിക്കുന്നു.അപ്പോൾ സംഘപരിവാറിന്റെ രഹസ്യ അജണ്ട നടപ്പിലാക്കാൻ കോൺഗ്രസ്സ് എംപിയെ അവർ നിയോഗിച്ചതാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. എന്നും എ എ റഹിം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമർശിച്ചു.
എ എ റഹീമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
” തലസ്ഥാന മാറ്റം ആർഎസ്എസ് അജണ്ട കോൺഗ്രസ്സ് എംപിയിലൂടെ.
കേരളത്തിന്റെ തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്ന ഹൈബി ഈഡന്റെ ആവശ്യം കേരളീയരെ ഭിന്നിപ്പിക്കാനുള്ള ഗൂഢ ലക്ഷ്യത്തോടെയുള്ളതാണ്.രാജ്യത്തെ ജനങ്ങളുടെ ആവശ്യങ്ങൾ കേന്ദ്രസർക്കാരിന്റെയും പാർലമെന്റിന്റെയും ജനങ്ങളുടെയും ശ്രദ്ധയിൽ കൊണ്ടുവരുന്നതിനു വേണ്ടിയാണ് സ്വകാര്യ ബിൽ പാർലമെന്റ് അംഗങ്ങൾ അവതരിപ്പിക്കുന്നത്.യുവജനങ്ങളെയും വിദ്യാർത്ഥികളെയും ബാധിക്കുന്ന അനവധി പ്രശ്നങ്ങൾ രാജ്യത്തുള്ളപ്പോഴാണ് ഹൈബി ഈഡൻ അപ്രസക്തമായ സ്വകാര്യ ബില്ലുമായി രംഗത്ത് വന്നിരിക്കുന്നത്.
ഒറ്റക്കെട്ടായി നിന്ന് കേരളത്തിന്റെ ആകെ ആവശ്യങ്ങൾ നേടിയെടുക്കുന്നതിന് പകരം മനസ്സിലെ വിഭജന ചിന്തകൾ പ്രകടിപ്പിക്കാനുള്ള വേദിയായി ഹൈബി ഈഡൻ പാർലമെന്റിലെ അവസരങ്ങളെ മാറ്റുകയാണ്.യഥാർത്ഥ ജനകീയ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ സംഘപരിവാർ നടത്തുന്ന “പേരുമാറ്റൽ” ചടങ്ങിന് സമാനമാണ് ഹൈബിയുടെ പ്രവൃത്തി.
മാത്രവുമല്ല,കേരളീയരെ ഭിന്നിപ്പിക്കുക എന്നത് സംഘപരിവാർ അജണ്ടയാണ്.കോൺഗ്രസ്സ് നേതാക്കൾ, തലസ്ഥാന മാറ്റം എന്ന ആവശ്യം,കോൺഗ്രസ്സിന്റെ അജണ്ടയല്ലെന്ന് വ്യക്തമാക്കിയിരിക്കുന്നു.അപ്പോൾ സംഘപരിവാറിന്റെ രഹസ്യ അജണ്ട നടപ്പിലാക്കാൻ കോൺഗ്രസ്സ് എംപിയെ അവർ നിയോഗിച്ചതാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
സംഘപരിവാറിന് അടിമപ്പെട്ട രാഷ്ട്രീയ കാഴ്ചപ്പാടാകാം ഇത്തരം ഒരു വിഭജന സ്വഭാവമുള്ള സ്വകാര്യ ബിൽ അവതരിപ്പിക്കാൻ ഹൈബിയെ പ്രേരിപ്പിച്ചത്.ഹീനമായ ഇത്തരം രാഷ്ട്രീയ നീക്കങ്ങൾ കേരളത്തെ തകർക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ്.അങ്ങെയറ്റം അപലപനീയവും പ്രതിഷേധാർഹവുമാണ്.”