എൻ.സി.പി പിളർപ്പ്: വിശാല പ്രതിപക്ഷ പാർട്ടികളുടെ യോഗം മാറ്റിവെച്ചു
അഡ്മിൻ
ബെംഗളൂരുവിൽ നടക്കാനിരുന്ന വിശാല പ്രതിപക്ഷ പാർട്ടികളുടെ യോഗം മാറ്റിവെച്ചു. എൻ.സി.പിയിലുണ്ടായ പിളർപ്പാണ് യോഗംമാറ്റിവെക്കാൻ പ്രേരണയായത് എന്നാണ് സൂചന. ജൂലൈ 13,14 തിയ്യതികളിലാണ് യോഗം നടക്കാനിരുന്നത്. എന്നാൽ ഈ യോഗം പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് ശേഷമേ ഇനി ഉണ്ടാകുകയുള്ളൂ എന്ന് ജെഡിയു വക്താവ് കെ സി ത്യാഗി വ്യക്തമാക്കി.
വർഷകാല സമ്മേളനത്തിന്റെ തിരക്കായതിനാൽ ബെംഗളൂരു യോഗം മാറ്റിവെയ്ക്കണമെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവും കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാൽ നിലവിൽ എൻ.സി.പിയിലുണ്ടായ പിളർപ്പ്, യോഗം മാറ്റിവെക്കുക എന്ന ആശയത്തിന് ഇന്ധനം പകർന്നുവെന്നും സൂചനയുണ്ട്.
പ്രതിപക്ഷ പാർട്ടി നേതാക്കൾ പലരും അജിത് പവാറിന്റെ ഈ നീക്കത്തിൽ അസ്വസ്ഥരാണ്. ജൂൺ 23നാണ് പ്രതിപക്ഷ പാർട്ടികളുടെ ആദ്യ യോഗം നടന്നത്. ബിജെപിക്കെതിരെ വിശാല ഐക്യം രൂപപ്പെടുത്താനും വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒറ്റക്കെട്ടായി നിൽക്കാൻ ആഹ്വാനം ചെയ്തുകൊണ്ടുമാണ് യോഗം സമാപിച്ചത്. എന്നാൽ യോഗത്തിനിടെ കോൺഗ്രസ് ആംആദ്മി പാർട്ടികൾ വാക്പോരിലേർപ്പട്ടു.