എൻ സിപി പിളർത്തി ശിവസേന-ബിജെപി സര്‍ക്കാരില്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത അജിത് പവാര്‍ ഉള്‍പ്പെടെയുള്ള ഒമ്പത് അംഗങ്ങള്‍ക്കെതിരെ അയോഗ്യത നടപടിയുമായി എന്‍സിപി. അജിത് പവാറിനെയും കൂറുമാറിയ എട്ട് എംഎല്‍എമാരേയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍സിപി സ്പീക്കര്‍ക്ക് കത്ത് നല്‍കി.
നേതാക്കളുടെ കൂറുമാറ്റം നിയമവിരുദ്ധമാണെന്ന അച്ചടക്ക സമിതിയുടെ ശുപാര്‍ശയെ തുടര്‍ന്ന് നിയമസഭയ്ക്ക് മെയില്‍ അയക്കാന്‍ തീരുമാനിച്ചെന്നും കഴിഞ്ഞ ദിവസം ജയന്ത് പാട്ടീല്‍ പറഞ്ഞിരുന്നു. ഉപമുഖ്യമന്ത്രിയായ അജിത് പവാറിനൊപ്പം ചഗ്ഗന്‍ ഭുജ്ബല്‍, ദിലീപ് വാല്‍സ് പാട്ടീല്‍, ധനഞ്ജയ് മുണ്ടെ, ഹസന്‍ മുഷ്രിഫ്, ധര്‍മോബാബ അത്രം, അദിതി തത്കരെ, സഞ്ജയ് ബന്‍സോഡെ, അനില്‍ പാട്ടീല്‍ തുടങ്ങിയ എട്ട് എന്‍സിപി എംഎല്‍എമാരാണ് ഞായറാഴ്ച മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.
ശരദ് പവാര്‍ തന്നെ എൻസിപിയുടെ തലപ്പത്ത് തുടരുന്നുവെന്നും നേതൃമാറ്റമില്ലെന്നും അറിയിച്ച് എന്‍സിപി തിരഞ്ഞെടുപ്പ് കമ്മീഷനും കത്തയച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് അജിത് പവാര്‍ ക്യാമ്പില്‍ നിന്ന് എന്തെങ്കിലും നീക്കങ്ങൾ ഉണ്ടാവുന്നത് തടയുന്നതിന്റെ ഭാഗമായാണ് നടപടി. അതേസമയം, സംസ്ഥാന നിയമസഭയില്‍ എന്‍സിപിയുടെ 53 എംഎല്‍എമാരില്‍ 40 പേരുടെ പിന്തുണ തനിക്കുണ്ടെന്നാണ് അജിത് പവാര്‍ അവകാശപ്പെടുന്നതെന്ന് ബിജെപി വൃത്തങ്ങള്‍ അറിയിച്ചു. കൂറുമാറ്റ നിരോധന നിയമത്തില്‍ നിന്നും രക്ഷ നേടാന്‍ അജിത് പവാറിന് വേണ്ടത് 36 എംഎല്‍എമാരുടെ പിന്തുണയാണ്.