ഏകീകൃത സിവില്‍ കോഡ് ; കോൺഗ്രസ് നിലപാടിനെപ്പറ്റി കൂടുതല്‍ പ്രതികരിക്കാതെ പിഎംഎ സലാം

ഏകീകൃത സിവില്‍ കോഡ് വിഷയത്തില്‍ സിപിഐഎമ്മിന്റെത് രാഷ്ട്രീയ നീക്കമായി കരുതുന്നില്ലെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. രാഷ്ട്രീയ നീക്കമോ വഞ്ചനയോ ആണെങ്കില്‍ ലീഗിന് തിരിച്ചറിയാനാവും. ഔദ്യോഗിക ക്ഷണം ഇതുവരെ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

അതേ സമയം, ഏകീകൃത സിവില്‍ കോഡ് വിഷയത്തില്‍ കോണ്‍ഗ്രസിന്റെ നിലപാടിനെപ്പറ്റി കൂടുതല്‍ പ്രതികരിക്കാന്‍ പിഎംഎ സലാം തയ്യാറായില്ല. കോണ്‍ഗ്രസിന് വ്യക്തമായ നിലപാട് ഉണ്ടെന്നാണ് ലീഗ് കരുതുന്നത്. അത് പ്രതിപക്ഷ നേതാവ് വ്യക്തമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ വ്യക്തമാക്കുമെന്ന് പ്രതീക്ഷിയ്ക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഏകീകൃത സിവില്‍ കോഡ് വിഷയത്തില്‍ ഇടതുപക്ഷം ഉള്‍പ്പടെ എല്ലാവരുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളും പ്രതികരിച്ചിരുന്നു. ഏക സിവില്‍ കോഡ് വിരുദ്ധ മുന്നണിയില്‍ ലീഗും അംഗമാകും. പാര്‍ലമെന്റ് ബില്‍ പാസാക്കാന്‍ പാടില്ലെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പ്രതികരിച്ചിരുന്നു.

03-Jul-2023