എഐ ക്യാമറ: ഇതുവരെ കണ്ടെത്തിയത് 20,42,542 നിയമലംഘനങ്ങള്‍
അഡ്മിൻ
കേരളത്തിൽ എഐ ക്യാമറകളിലൂടെ ഇതുവരെ കണ്ടെത്തിയത് 20,42,542 നിയമലംഘനങ്ങള്‍. പരിശോധനകള്‍ക്ക് ശേഷം 1.77 ലക്ഷം പേര്‍ക്ക് നോട്ടീസ് അയച്ചു. പിഴയായി 7.94 കോടിരൂപയാണ് സര്‍ക്കാരിന് ലഭിക്കേണ്ടത്. ഇതില്‍ 81.78 ലക്ഷം രൂപ ഇതുവരെ ലഭിച്ചു.
റോഡ് ക്യാമറകള്‍ സ്ഥാപിച്ചതോടെ അപകടമരണങ്ങളുടെ എണ്ണം കുത്തനെ കുറഞ്ഞതായി ഗതാഗത മന്ത്രി ആന്‍റണി രാജു പറഞ്ഞു. കഴിഞ്ഞ വര്‍ഷം ജൂണില്‍ 344 പേരാണ് അപകടങ്ങളില്‍ മരിച്ചതെങ്കില്‍ ഈ വര്‍ഷം ജൂണില്‍ 140 പേരുടെ മരണമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ 3714 അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ഈ വര്‍ഷം ജൂണില്‍ 1278 ആയി കുറഞ്ഞെന്നും മന്ത്രി വ്യക്തമാക്കി.
ഇതര സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങളെയും എഐ ക്യാമറകളുടെ പരിധിയിൽ കൊണ്ടുവരും. നാഷനൽ ഇൻഫർമാറ്റിക് സെന്ററിൽ (എൻഐസി)നിന്ന് വാഹനങ്ങളുടെ വിവരങ്ങൾ കെൽട്രോണിനു കൈമാറിയിട്ടുണ്ട്. നോ പാർക്കിങ് ഏരിയയിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങളെ റോഡ് ക്യാമറകളിലൂടെ പിടികൂടും.
നോ പാർക്കിങ് ഏരിയകൾ കണ്ടെത്താൻ വിവിധ വകുപ്പുകളുടെ യോഗം ചേരും. വേഗപരിധി കൂട്ടിയതിനാൽ അതു വ്യക്തമാക്കി കൊണ്ടുള്ള ബോർഡുകൾ റോഡുകളില്‍ സ്ഥാപിക്കാൻ വിവിധ വകുപ്പുകൾക്ക് നിർദേശം നൽകും.
പിഴയ്ക്കെതിരെ ഓൺലൈനിലൂടെ പരാതി പറയുന്ന സംവിധാനം ഓഗസ്റ്റ് അഞ്ചിന് ആരംഭിക്കും. പിഴ നോട്ടിസ് അയയ്ക്കുന്ന പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ കൂടുതൽ ജീവനക്കാരെ നിയമിക്കാൻ കെൽട്രോണിന് നിർദേശം നൽകി. റോഡ് വീതി കൂട്ടിയ സ്ഥലങ്ങളിലെ ക്യാമറകൾ ജൂലൈ 31ന് അകം മാറ്റി സ്ഥാപിക്കും