മണിപ്പൂർ സന്ദർശിക്കാൻ ഇടതുപക്ഷ എംപിമാരുടെ സംഘം

മണിപ്പൂരിലെ കലാപബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നതിനായി സിപിഐഎം, സിപിഐ എംപിമാരുടെ പ്രതിനിധി സംഘം ഇന്ന് എത്തും. മണിപ്പൂർ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാനും സംസ്ഥാനത്തെ സ്ഥിതി​ഗതികൾ വിലയിരുത്താനുമാണ് ഇടതുപക്ഷ പാർട്ടികളുടെ സംഘം എത്തുന്നത്.

അഞ്ച് പേരടങ്ങുന്ന സംഘത്തിൻ്റെ സന്ദർശനം പ്രഖ്യാപിച്ചതിനൊപ്പം കേന്ദ്രത്തിലെയും മണിപ്പൂരിലെയും ബിജെപി സർക്കാരുകൾക്കെതിരെ ഇരുപാർട്ടികളും രൂക്ഷ വിമർശനവും ഉന്നയിച്ചു. ഇരട്ട എഞ്ചിൻ സർക്കാരിൻ്റെ അവകാശവാദങ്ങൾ പൊള്ളയാണെന്ന് ജനങ്ങൾ മനസിലാക്കി തുടങ്ങിയെന്നും പാർട്ടികൾ പറഞ്ഞു.

എംപിമാരായ ബ്രികാശ് രഞ്ജൻ ഭട്ടാചാര്യ, ജോൺ ബ്രിട്ടാസ്, ബിനോയ് വിശ്വം, സന്തോഷ്കുമാർ പി, കെ സുബ്ബരായൻ എന്നിവരാണ് പ്രതിനിധി സംഘത്തിലുള്ളത്. മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കാൻ ശ്രമിക്കുന്നതിന് പകരം പ്രതിപക്ഷ പാർട്ടികളെ തുരങ്കം വെക്കാനും സംസ്ഥാനങ്ങളിൽ കൂറുമാറ്റം നടത്താനുമാണ് ബിജെപി നേതൃത്വം താത്പര്യം കാണിക്കുന്നതെന്നും ഇടതു പാർട്ടികൾ ആരോപിച്ചു.

ചുരാചന്ദ്പൂരിലെയും ഇംഫാൽ താഴ്വരയിലെയും എല്ലാ വിഭാ​ഗങ്ങളിൽ നിന്നുമുള്ള ആളുകളെ പ്രതിനിധി സംഘം കാണും. ജൂലൈ ഏഴിന് മണിപ്പൂർ ​ഗവർണറെ കാണുന്ന സംഘം എട്ടിന് മാധ്യമങ്ങളെ കാണും.

06-Jul-2023