മഴ ശക്തം; കണ്ണൂരില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു

ജില്ലയിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ കണ്ണൂരിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ താത്ക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തി. പാലക്കയം തട്ട് ടൂറിസം സെന്റര്‍, ഏഴരക്കുണ്ട് ടൂറിസം സെന്റര്‍, ധര്‍മ്മടം ബീച്ച്, ചാല്‍ ബീച് പാര്‍ക്ക്, ചൂട്ടാട് ബീച്ച് എന്നിവിടങ്ങളില്‍ പ്രവേശനം നിരോധിച്ചു. ഏഴാം തീയതി വരെയാണ് നിയന്ത്രണം.

ജില്ലയില്‍ ഇന്നും നാളെയും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും (അങ്കണവാടി, ഐസിഎസ്ഇ, സിബിഎസ്ഇ സ്‌കൂളുകള്‍, മദ്രസകള്‍ എന്നിവയടക്കം) നാളെ കലക്ടര്‍ അവധി പ്രഖ്യാപിച്ചു.

അവധി മൂലം നഷ്ടപ്പെട്ടന്ന പഠന സമയം ക്രമീകരിക്കുന്നതിന് ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ നടപടികള്‍ സ്വീകരിക്കേണ്ടതാണ്. വിദ്യാര്‍ഥികളെ മഴക്കെടുതിയില്‍ നിന്ന് അകറ്റി നിര്‍ത്തുന്നതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കേണ്ടതാണ്. നാളെ നടത്താനിരുന്ന സര്‍വകലാശാല, പി എസ്‌സി പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കുന്നതല്ല.

06-Jul-2023