ഡിവൈഎഫ്ഐയുടെ ഹൃദയ പൂർവ്വം പദ്ധതിക്ക് പ്രശംസയുമായി ‘ദ ഗാർഡിയൻ’

സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലെത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുക്കാർക്കും പൊതിച്ചോർ നൽക്കുന്ന ഡിവൈഎഫ്‌ഐയുടെ ഹൃദയപൂർവ്വം പദ്ധതിയെ പ്രശംസിച്ച് അന്താരാഷ്ട്ര മാധ്യമമായ ദി ഗാർഡിയൻ. 2017 ആരംഭിച്ച ഹൃദയപൂർവ്വം പദ്ധതി ആറ് വർഷം പിന്നിടുമ്പോൾ ​​ദിനംപ്രതി 40,000 പേർക്കാണ് സംസ്ഥാനത്ത് ഡിവൈഎഫ്ഐ പൊതിചോർ വിതരണം ചെയ്യുന്നത്. പദ്ധതി വിജയകരവും മാതൃകാപരവുമാണെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

‘സ്നേഹത്തോടെ പാകം ചെയ്യുന്ന ഭക്ഷണമാണ് ഏറ്റവും നല്ലതെന്നൊരു ക്ലീഷേ പ്രയോഗമുണ്ട്.എന്നാൽ മാനുഷിക ബോധത്തോടെ പാചകം ചെയ്താൽ രുചികരമായ ഭക്ഷണം തയ്യാറാക്കാനാകുമെന്ന് തെളിയിക്കുകയാണ് കേരളത്തിലെ ആയിരക്കണക്കിന് സ്ത്രീകൾ’. ഈ മുഖവുരയോടെയാണ് ഡിവൈഎഫ്ഐയുടെ പൊതിച്ചോർ പദ്ധതിയെപ്പറ്റിയുള്ള ഗാർഡിയൻ റിപ്പോർട്ട് തുടങ്ങുന്നത്.

ഉത്സവങ്ങളും അവധിദിനങ്ങളുമില്ലാതെ വർഷത്തിൽ 365 ദിവസവും ഡിവൈഎഫ്‌ഐ ഉച്ചഭക്ഷണം രോ​ഗികളിലെത്തുക്കുന്നു. ആശുപത്രി വാസത്തിനിടയിൽ രോ​ഗികൾക്കും കൂട്ടിരിപ്പുകാർക്കും വലിയ ആശ്വാസമാണ് പദ്ധതിയെന്ന് ​ഗാർഡിയൻ ലേഖനത്തിൽ പറയുന്നു.

കേരളത്തിലോ ഇന്ത്യയിലോ അല്ല ലോകത്ത് തന്നെ ഒരു യുവജന സംഘടന ഏറ്റെടുത്ത ഏറ്റവും മാനവിക മൂല്യം പുലർത്തുന്ന ഒരു രാഷ്ട്രീയ ഉത്തരവാദിത്വമാണ് ഹൃദയ പൂർവ്വം പദ്ധതിയെന്ന് ഗാർഡിയൻ വാർത്ത പങ്കുവെച്ച് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ് ഫേസ്ബുക്കിൽ കുറിച്ചു. കൂടുതൽ പൊതുജന പിന്തുണയോടെ ഹൃദയപൂർവ്വം പദ്ധതി ഇനിയും വയറെരിയുന്ന ആയിരങ്ങൾക്ക് ആശ്വാസമായി വ്യാപിപ്പിക്കുമെന്ന് സനോജ് പറഞ്ഞു.

07-Jul-2023