മലയാളത്തിൽ നിന്നുള്ള ഓൺലൈൻ ന്യൂസ് പോർട്ടലായ കർമ്മ ന്യൂസിനെതിരെ ദില്ലി ഹൈക്കോടതിയുടെ നോട്ടീസ്.മാധ്യമസ്ഥാപനമായ ന്യൂസ് ലോൻഡറി നൽകിയ മാനനഷ്ടക്കേസിൽ ആണ് നോട്ടീസ് ലഭിച്ചത്. മാർച്ചിൽ കൊച്ചിയിൽ നടന്ന കട്ടിംഗ് സൌത്ത് എന്ന പരിപാടിയെ സംബന്ധിച്ച് തെറ്റായ പ്രചാരണം നടത്തിയെന്ന മാനനഷ്ടക്കേസിലാണ നടപടി.
ജസ്‌റ്റിസ് മനോജ് കുമാർ ഓഹ്‌രിയാണ് നോട്ടീസ് നൽകിയത്. 30 ദിവസത്തിനകം വിശദീകരണം നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്. പരിപാടിയെ കുറിച്ചും അതിലെ സംഘാടകരായ ന്യൂസ് ലോൻഡറി ഉൾപ്പെടെയുള്ള മാധ്യമസ്ഥാപനങ്ങളെ കുറിച്ചും അപകീർത്തിപരമായ പ്രചാരണം നടത്തിയെന്നാണ് ആരോപണം. രണ്ട് കോടി രൂപയുടെ മാനനഷ്ടക്കേസാണ് നൽകിയിരിക്കുന്നത്.
കർമ്മ ന്യൂസിൽ നിന്ന് മാപ്പപേക്ഷയും ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് ആഗസ്തിൽ വീണ്ടും പരിഗണിക്കും. മാർച്ച് 25 ന്, ന്യൂസ് ലോൺട്രി, കൺഫ്ലൂവൻസ് മീഡിയ എന്നിവർ ന്യൂസ് മിനിറ്റിനൊപ്പം കൊച്ചിയിലെ കേരള മീഡിയ അക്കാദമിയിൽ കട്ടിംഗ് സൗത്ത് 2023 എന്ന പേരിൽ മാധ്യമ പരിപാടി സംഘടിപ്പിച്ചിരുന്നു. ഈ പരിപാടിക്കെതിരെ കർമ ന്യൂസ് വ്യാപകമായ കുപ്രചരണങ്ങൾ നടത്തിയെന്നാണ് ആരോപണം.