ബ്രെയിൻ ഈറ്റിങ് അമീബിയ; ആശങ്കവേണ്ട: മന്ത്രി വീണാ ജോർജ്

അപൂർവ രോഗമായ ബ്രെയിൻ ഈറ്റിങ് അമീബിയ (നെയ്ഗ്ലെറിയ ഫൗളറി) ബാധിച്ച് ആലപ്പുഴയിൽ 10-ാം ക്ലാസ് വിദ്യാർഥി മരിച്ച സംഭവത്തിൽ ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇത് തീർത്തും അത്യപൂർവമായ രോഗമാണെന്ന് മന്ത്രി വ്യക്തമാക്കി. ഈ അമീബ അറിയപ്പെടുന്നതുതന്നെ ‘ബ്രെയിൻ ഈറ്റർ’ എന്നാണ്. ഈ രോഗം മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് പടരില്ല. ആലപ്പുഴയിലെ വിദ്യാർഥിയുടെ കാര്യത്തിൽ സംഭവിച്ചത് തികച്ചും നിർഭാഗ്യകരമായിപ്പോയെന്നും മന്ത്രി പ്രതികരിച്ചു.

‘ഈ രോഗം ബാധിച്ചവരെല്ലാം തന്നെ മരിക്കുകയാണ് ഉണ്ടായിട്ടുള്ളത്. ഈ അസുഖം ബാധിച്ചാൽ 100 ശതമാനം വരെയാണ് മരണനിരക്ക്. ഈ അമീബ ഒഴുക്കില്ലാത്ത ജലാശയങ്ങളിലാണ് ഉണ്ടാവുക. സാധാരണയായി എല്ലാ ജലാശയങ്ങളിലും ഇതു കാണാം. പക്ഷേ വളരെ വിരളമായിട്ടായിരിക്കുമെന്നു മാത്രം. പതിനായിരക്കണക്കിന് ആളുകളിൽ ഒരാൾക്കു മാത്രമാണ് ഇത് ബാധിക്കുക. അമീബ മൂക്കിനുള്ളിലെ നേർത്ത തൊലിയിലൂടെ തലച്ചോറിലേക്കു പ്രവേശിച്ച് തലച്ചോറിനെ വളരെ ഗുരുതരമായി ബാധിക്കുകയാണ് ചെയ്യുക. ഈ അമീബ അറിയപ്പെടുന്നതു തന്നെ ‘ബ്രെയിൻ ഈറ്റർ’ എന്നാണ്. ഒരു എൻഡ് അമീബയാണ് ഇത്.’

‘‘ഇതിന്റെ ലക്ഷണങ്ങൾ പനി, തലവേദന, ഛർദ്ദി, അപസ്മാരം തുടങ്ങിയവയാണ്. 15 വയസ്സുള്ള കുട്ടിക്ക് 29–ാം തീയതിയാണ് പനി തുടങ്ങിയത്. ഈ മാസം ഒന്നാം തീയതി തലവേദനയും കാഴ്ച മങ്ങൽ തുടങ്ങിയ രോഗലക്ഷണങ്ങളും അനുഭവപ്പെട്ടു. ഇതേത്തുടർന്ന് തുറവൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പരസ്പര ബന്ധമില്ലാതെ പെരുമാറുകയും മറ്റ് അസ്വസ്ഥതകൾ പ്രകടിപ്പിക്കുകയും ചെയ്തു.’


‘‘ഇതിനു പിന്നാലെ മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തു. പരിശോധിച്ചപ്പോൾ അടുത്തുള്ള കുളങ്ങളിലൊക്കെ കുളിച്ചതായി മനസ്സിലാക്കി. കുളങ്ങളിൽ കുളിക്കുന്നതു കൊണ്ട് ഇങ്ങനെയൊക്കെ സംഭവിക്കുമോ എന്നു ചോദിച്ചാൽ, സാധ്യത വളരെ വളരെ വിരളമാണ്. തികച്ചും നിർഭാഗ്യകരമായ കാര്യമാണ് അവിടെ സംഭവിച്ചത്.’

‘‘ഇത് ഒരാളിൽനിന്ന് മറ്റൊരാളിലേക്ക് പകരുന്ന രോഗമൊന്നുമല്ല. അത്തരം ആശങ്കകളൊന്നും വേണ്ട. അത്യപൂർവമാണ് ഈ രോഗം. നമ്മൾ ഇത്തരമൊരു രോഗം കണ്ടെത്തുന്നതുതന്നെ 2016ലാണ്. അതിനു മുൻപ് ഉണ്ടായിരുന്നോ എന്ന് സ്ഥിരീകരിക്കാനാകില്ല. ശാരീരികമായ ചില പ്രത്യേകതകളും ഇത്തരമൊരു അമീബ പ്രവേശിക്കാൻ കാരണമാകാം.’ – മന്ത്രി പറഞ്ഞു.


പാണാവള്ളി കിഴക്കേ മായിത്തറ അനിൽ കുമാറിന്റെയും ശാലിനിയുടെയും മകൻ ഗുരുദത്ത് (15) ആണ് ഈ അത്യപൂർവ രോഗം ബാധിച്ച് മരിച്ചത്. കഴിഞ്ഞ ഞായർ മുതൽ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. തോട്ടിൽ കുളിച്ചതിനെ തുടർന്നാണ് രോഗമുണ്ടായതെന്നാണ് വിവരം. 2017 ൽ ആലപ്പുഴ മുനിസിപ്പാലിറ്റി പ്രദേശത്താണ് മെനിഞ്ചോ എങ്കഫലൈറ്റിസ് എന്ന ഈ രോഗം ആദ്യമായി റിപ്പോർട്ട് ചെയ്തത്. അതിനുശേഷം ഇപ്പോഴാണ് രോഗം റിപ്പോർട്ട് ചെയ്യുന്നത്.

 

07-Jul-2023