മണിപ്പൂർ കലാപം: കേന്ദ്രസർക്കാരിനെതിരെ മലങ്കര കത്തോലിക്ക സഭ
അഡ്മിൻ
മണിപ്പൂര്‍ സംഘര്‍ഷത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് മലങ്കര കത്തോലിക്കാ സഭാധ്യക്ഷന്‍ മാര്‍ ബസേലിയോസ് ക്ലിമിസ് ബാവ. ക്രിസ്തുമതും തുടച്ചുനീക്കാമെന്നത് വ്യാമോഹം മാത്രമാണെന്നാണ് ക്ലിമിസ് ബാവയുടെ വിമര്‍ശനം. പ്രധാനമന്ത്രി മൗനം വെടിഞ്ഞ് മണിപ്പൂര്‍ വിഷയത്തില്‍ ഇടപെടണമെന്നും ജനാധിപത്യം പുലരുന്നെന്ന് ലോകത്തിന് മുന്നില്‍ വ്യക്തമാക്കണമെന്നും ക്ലിമിസ് ബാവ പറഞ്ഞു.
ഇതോടൊപ്പം മണിപ്പൂര്‍ കലാപത്തില്‍ ക്രിസ്തീയ വിഭാഗങ്ങള്‍ക്കെതിരായ ആക്രമണത്തില്‍ ആശങ്ക അറിയിച്ച് തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്തും രംഗത്തെത്തി. കലാപം നിയന്ത്രിക്കുന്നതിന് അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്ന് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്തില്‍ കേന്ദ്ര സഹമന്ത്രി രാജ്കുമാര്‍ രഞ്ജന്‍ സിംഗിനോട് ആവശ്യപ്പെട്ടു.
രാജ്യത്ത് ക്രിസ്തീയ വിശ്വാസികള്‍ക്കെതിരായ അതിക്രമം വര്‍ധിച്ചുവരുന്ന സാഹചര്യമാണുള്ളതെന്നും ബിഷപ്പ് ചൂണ്ടിക്കാട്ടി. അതേസമയം വര്‍ഗീയ കലാപം രൂക്ഷമായ മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷസാഹചര്യമാണ്. ബിഷ്ണുപൂര്‍, ചുരാചന്ദ്പൂര്‍ ജില്ലകളുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ വെള്ളിയാഴ്ച രാത്രി ആരംഭിച്ച വെടിവയ്പ്പ് ഇപ്പോഴും തുടരുകയാണ്. 24 മണിക്കൂറിനിടെ അതിര്‍ത്തി പ്രദേശത്ത് നടന്ന വ്യത്യസ്ത അക്രമസംഭവങ്ങളില്‍ ഒരു പൊലീസുകാരനും കൗമാരക്കാരനും ഉള്‍പ്പെടെ നാലുപേര്‍ വെടിയേറ്റ് മരിച്ചതായി റിപ്പോര്‍ട്ട് വന്നിരുന്നു .