ചരിത്രപരമായ ചുവടുവെപ്പ് നടത്തി കേരളാ ഹൈക്കോടതി

നിർണായക നടപടിയുമായി കേരള ഹൈക്കോടതി. 317 ഹൈക്കോടതി ഉത്തരവുകളും 5000-ലധികം ജില്ലാ കോടതി ഉത്തരവുകളും മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി. കോടതി ഉത്തരവുകൾ വ്യാപകമായി പ്രചരിപ്പിച്ച് കൂടുതൽ പേരിൽ നിയമാവബോധം സൃഷ്ടിക്കാനാണ് നടപടി.നിർമ്മിത ബുദ്ധിയിൽ അധിഷ്ഠിതമായി എഐസിടിഇ വികസിപ്പിച്ചെടുത്ത അനുവാദക് സോഫ്റ്റ് വെയർ ആണ് മലയാള പരിഭാഷയ്ക്കായി ഉപയോഗിക്കുന്നത്.

കഴിഞ്ഞ ഫെബ്രുവരിയിലാണ് കേരള ഹൈക്കോടതി ചരിത്രപരമായ ചുവടുവെപ്പ് നടത്തിയത്. ഇംഗ്ലീഷിൽ മാത്രം പുറപ്പെടുവിക്കുന്ന വിധിന്യായങ്ങൾ ഘട്ടം ഘട്ടമായി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി വിധിന്യായങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കുകയായിരുന്നു ലക്ഷ്യം. പദ്ധതി ആരംഭിച്ച് മാസങ്ങൾ പിന്നിടുമ്പോൾ ഹൈക്കോടതിയ്ക്ക് പുറമെ ജില്ലാ കോടതി ഉത്തരവുകളും പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചു.

കേരള ഹൈക്കോടതിയിലെ 2017 മുതൽ 2022 വരെ വന്ന 317 ഉത്തരവുകൾ ഇതുവരെ മലയാളത്തിലേക്ക് മാറ്റി. ജില്ലാ കോടതികളിൽ 5186 ഉത്തരവുകളും മലയാളത്തിലേക്ക് മാറ്റി അതാത് കോടതികളുടെ വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

09-Jul-2023