കോണ്‍ഗ്രസിനൊപ്പം അധികകാലം ലീഗിന് പോകാനാകില്ല: എകെ ബാലൻ

കോൺഗ്രസിന്റെ തീരുമാനത്തിന് വിധേയമായി ലീഗിന് അധികകാലം മുന്നോട്ട് പോകാനാകില്ലെന്ന് സി.പി.എം നേതാവ് എ.കെ ബാലൻ.അണികളിൽ ശക്തമായ പ്രതികരണം ഉണ്ടാകുമെന്നും എ.കെ ബാലൻ മാധ്യമങ്ങളോട് പറഞ്ഞു. ഏക സിവിൽ കോഡിനെതിരായ സെമിനാറിലേക്കുള്ള സി.പി.എമ്മിന്റെ ക്ഷണം ലീഗ് തള്ളിയ പശ്ചാത്തലത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മുസ്ലീം വിഭാഗത്തോട് കോണ്‍ഗ്രസും ബിജെപിയും അഖിലേന്ത്യാതലത്തില്‍ സ്വീകരിക്കുന്ന സമീപനമെന്താണ്. ഇവിടെ കോണ്‍ഗ്രസിന് എത്ര മുസ്ലീം എംപിമാരുണ്ട്. മുസ്ലീമിന് ഇത്ര കൊടുക്കണം, ഹിന്ദുവിന് ഇത്ര കൊടുക്കണം എന്ന വാദം തനിക്കില്ല. പക്ഷേ എങ്ങനെയാണ് ഒരു വിഭാഗത്തെ അവഗണിക്കുന്നത് എന്നതിന്റെ തെളിവാണ് ഇതെന്നും എ കെ ബാലൻ പറഞ്ഞു.

ഏക സിവില്‍കോഡുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിന് അഖിലേന്ത്യാതലത്തില്‍ തന്നെ വ്യക്തമായ നിലപാടില്ല. അതിനാലാണ് വ്യത്യസ്ത സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് നേതാക്കള്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ പറയുന്നത്.വ്യക്തതയില്ലാത്ത കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തീരുമാനത്തിന് വിധേയമായി അധികകാലം ലീഗിന് മുന്നോട്ട് പോകാനാകില്ല. അണികളില്‍ അത് ശക്തമായ പ്രതികരണത്തിന് കാരണമാകുമെന്നും എ കെ ബാലൻ കൂട്ടിച്ചേർത്തു.

09-Jul-2023