ന്യൂനപക്ഷ മോർച്ച പുനഃസംഘടനയിൽ ജിത്തു വര്‍ഗീസിനെ നീക്കി ബിജെപി
അഡ്മിൻ
ന്യൂനപക്ഷ മോര്‍ച്ച എറണാകുളം ജില്ലാ സെക്രട്ടറി ജിത്തു വര്‍ഗീസിനെ ചുമതലയില്‍ നിന്നും നീക്കി. ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചതിന്റെ ഭാഗമായാണ് നടപടിയെന്നാണ് പാര്‍ട്ടി വിശദീകരണം. എന്നാല്‍ കഴിഞ്ഞ ദിവസം ശോഭാ സുരേന്ദ്രന്‍ കൊച്ചിയിലെത്തിയപ്പോള്‍ നേതൃത്വം അവഗണിക്കുന്നുവെന്ന അതൃപ്തി പരസ്യമായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഉന്നയിച്ചിരുന്നു. ഈ പ്രതികരണ വേളയില്‍ ശോഭാ സുരേന്ദ്രന്റെ പിന്നിലായി ജിത്തുവും ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
നിര്‍ജീവമായ കമ്മിറ്റി പുനഃസംഘടിപ്പിക്കുന്നത് സ്വാഭാവികമാണെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിലുള്ളതിനാല്‍ മറ്റ് മോര്‍ച്ചകളിലും പുനഃസംഘടന നടത്തുമെന്നും ബിജെപി ജില്ലാ അധ്യക്ഷന്‍ കെ എസ് ഷൈജു പ്രതികരിച്ചു. എന്നാല്‍ ജിത്തുവിനേയും വൈസ് പ്രസിഡന്റായ ജോര്‍ജ് വര്‍ഗീസിനേയും നീക്കി. ഇതൊഴിച്ചാല്‍ വലിയ മാറ്റങ്ങളൊന്നും കമ്മിറ്റിയില്‍ നടത്തിയിട്ടില്ല.
രാഷ്ട്രീയ ഇടനാഴികളില്‍ പിന്നാമ്പുറ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നവരെ പുകച്ചുപുറത്ത് ചാടിക്കും എന്നതടക്കം രൂക്ഷ വിമര്‍ശനമായിരുന്നു ശോഭാ സുരേന്ദ്രന്‍ ഉന്നയിച്ചത്. പൊതുജനം തീരുമാനിച്ചാല്‍ മത്സരരംഗത്തുണ്ടാവും. അണിയറയില്‍ രാഷ്ട്രീയ അവിശുദ്ധ സഖ്യം ഉണ്ടാകാന്‍ പാടില്ല. ബിജെപിക്കാരന്‍ ആയാല്‍ ബിജെപിക്കാരന്‍ ആയിരിക്കണമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞിരുന്നു.