ഷാജൻ സ്‌കറിയയുടെ അറസ്റ്റിന് സുപ്രീം കോടതിയുടെ സ്റ്റേ
അഡ്മിൻ
മറുനാടൻ ഉടമ ഷാജൻ സ്‌കറിയക്കെതിരായ കേസ് എസ്സി എസ്ടി അതിക്രമ നിരോധന നിയമത്തിന്റെ പരിധിയിൽ വരില്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്. അപകീർത്തിപരമായ പരാമർശങ്ങളാണ് ഷാജൻ സ്‌കറിയ നടത്തിയതെന്ന വാദം അദ്ദേഹം ശരിവച്ചു.
ഷാജൻ സ്‌കറിയയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം കേൾക്കുകയായിരുന്നു കോടതി. എന്നാൽ ഷാജൻ സ്‌കറിയയെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞ സുപ്രീം കോടതി കേസിൽ സംസ്ഥാന സർക്കാരിന് നോട്ടീസ് നൽകി. മൂന്നാഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി. മുതിർന്ന മാധ്യമ പ്രവർത്തകന്റെ സ്വാതന്ത്ര്യമാണ് കോടതി പരിഗണിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പറഞ്ഞു. വാക്കുകൾ നിയന്ത്രിക്കാൻ ഷാജൻ സ്‌കറിയയെ ഉപദേശിക്കണമെന്ന് അഭിഭാഷകരോട് ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു.
ഹൈക്കോടതി ജാമ്യപേക്ഷ നിരസിച്ചതോടെയാണ് ഷാജൻ സ്‌കറിയ സുപ്രീം കോടതിയെ സമീപിച്ചത്. വ്യാജവാർത്ത നൽകി വ്യക്തിപരമായി അധിക്ഷേപിക്കാൻ ശ്രമിച്ചെന്ന പിവി ശ്രീനിജിൻ എംഎൽഎയുടെ പരാതിയിലാണ് ഷാജനെതിരായ കേസുകളിൽ ഒന്ന് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഷാജൻ സ്‌കറിയക്കെതിരായ തെരച്ചിൽ പൊലീസ് തുടരുന്നതിനിടെയാണ് അറസ്റ്റ് തടഞ്ഞുള്ള സുപ്രീം കോടതി ഇടപെടൽ.