സംസ്ഥാനത്തെ സര്‍ക്കാര്‍ ഉത്തരവുകളും സര്‍ക്കുലറുകളും ഇനി മലയാളത്തില്‍

സംസ്ഥാനത്തെ സര്‍ക്കാര്‍ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും ഉത്തരവുകളും സര്‍ക്കുലറുകളും കത്തിടപാടുകളും ഇനി മുതല്‍ മലയാളത്തില്‍. ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറി ഡോ.വി. വേണു സര്‍ക്കുലര്‍ ഇറക്കി. 2017 ല്‍ പൊതുഭരണവകുപ്പ് പുറപ്പെടുവിച്ച ഉത്തരവു നിര്‍ബന്ധമായും പാലിക്കണമെന്നു നിര്‍ദേശിച്ചാണു ചീഫ് സെക്രട്ടറി സര്‍ക്കുലര്‍ അയച്ചത്.

നിയമപരമായി ഇംഗ്ലിഷും സംസ്ഥാനത്തെ ന്യൂനപക്ഷ ഭാഷകളായ തമിഴും കന്നടയും ഔദ്യോഗികഭാഷയായി ഉപയോഗിക്കാന്‍ അനുവദിച്ചിട്ടുള്ള പ്രത്യേക സാഹചര്യങ്ങളിലൊഴികെ മലയാളം മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നു 2017 ലെ ഉത്തരവില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. എന്നാല്‍ മന്ത്രിസഭാ യോഗ തീരുമാനങ്ങളുടെ അടിസ്ഥാനത്തില്‍ പുറപ്പെടുവിക്കുന്ന ഉത്തരവുകളില്‍ പോലും പല വകുപ്പുകളും മലയാളം ഉപയോഗിക്കുന്നില്ല. ഇതു സര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാടിനെതിരാണ്.

ധനകാര്യം, നിയമം എന്നീ വകുപ്പുകളുടേതുള്‍പ്പെടെ എല്ലാ ഉത്തരവുകളും മലയാളത്തില്‍ വേണം. ഇക്കാര്യം ഉറപ്പാക്കേണ്ട ചുമതല വകുപ്പു സെക്രട്ടറിമാര്‍ക്കായിരിക്കും. സെക്രട്ടറിമാരുടെ യോഗത്തില്‍ ഇതുസംബന്ധിച്ച പുരോഗതി വിലയിരുത്തുമെന്നും സര്‍ക്കുലറില്‍ പറയുന്നു.

11-Jul-2023