മുതലപ്പൊഴിയിലുണ്ടായ പ്രതിഷേധങ്ങൾക്ക് പിന്നിൽ കോൺ​ഗ്രസ്: മന്ത്രി ആന്റണി രാജു

മുതലപ്പൊഴിയിലുണ്ടായ പ്രതിഷേധങ്ങൾക്ക് പിന്നിൽ കോൺ​ഗ്രസ് ആണെന്ന് മന്ത്രി ആന്റണി രാജു ആരോപിച്ചു. തീരപ്രദേശത്ത് സംഘർഷം ഉണ്ടാക്കാനാണ് കോൺഗ്രസിന്റെ ശ്രമം. അത് ജനങ്ങൾ മനസിലാക്കണമെന്നും ആന്റണി രാജു അഭിപ്രായപ്പെട്ടു.

മുതലപ്പൊഴിയിലെ അപകടങ്ങൾ ദൗർഭാഗ്യകരമാണ്. പ്രശ്നത്തിന് ശാശ്വത പരിഹാരം വേണ്ടതാണ്. എല്ലാ നടപടികളും സ്വീകരിച്ച ശേഷമാണ് മന്ത്രിമാരെല്ലാം സ്ഥലത്തെത്തിയത്. അവർ എത്തിയതോടെ കോൺഗ്രസ് വനിതാ നേതാക്കൾ ഉൾപ്പടെ നാല് പേർ ആദ്യം പ്രതിഷേധിച്ചു. സ്ഥലത്ത് സംഘർഷം ഉണ്ടാകാതിരിക്കാനാണ് മന്ത്രിമാർ ഇടപെട്ടത്. അത് ജനം മനസിലാക്കണം.

പ്രതിഷേധത്തിന് പിന്നിൽ രാഷ്ട്രീയലക്ഷ്യമാണ്. പൊലീസ് കേസെടുത്തത് സ്വാഭാവികനടപടി മാത്രമാണ്. മന്ത്രിമാർ പൊലീസിന് പരാതി നൽകിയിട്ടല്ല കേസ് എടുത്തതെന്നും മന്ത്രി പറഞ്ഞു. മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചതിന് പിന്നാലെ സ്ഥലം സന്ദർശിക്കാനെത്തിയ മന്ത്രിമാരെ തടഞ്ഞ സംഭവത്തിലാണ് ലത്തീൻ അതിരൂപത വികാരി ജനറൽ യൂജിൻ പെരേരക്കെതിരെ കേസ് എടുത്തത്. അഞ്ചുതെങ്ങ് പൊലീസാണ് കേസ് എടുത്തത്. ഐപിസി 153 വകുപ്പ് പ്രകാരം കലാപാഹ്വാനത്തിനാണ് കേസെടുത്തിരിക്കുന്നത്. അഞ്ചുതെങ്ങ് പൊലീസ് സ്വമേധയാ കേസ് എടുക്കുകയായിരുന്നു

11-Jul-2023