ബ്രിജ് ഭൂഷണ്‍ വിചാരണ നേരിടണമെന്ന് ഡല്‍ഹി പൊലീസ്

ഗുസ്തി താരങ്ങളെ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ റെസിലിങ് ഫെഡറേഷന്‍ മുന്‍ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ് വിചാരണ നേരിടണമെന്ന് ഡല്‍ഹി പൊലീസ്. ഗുസ്തി താരങ്ങളെ ലൈംഗികാതിക്രമം നടത്തി, അപമാനിച്ചു, ഒരു താരം തുടര്‍ച്ചയായി അതിക്രമം നേരിടേണ്ടി വന്നുവെന്ന ആരോപണങ്ങള്‍ ഡല്‍ഹി പൊലീസിന്റെ ചാര്‍ജ് ഷീറ്റില്‍ പറയുന്നു.

കേസില്‍ 108 സാക്ഷികളോട് അന്വേഷണ സംഘം സംസാരിച്ചതായും ചാര്‍ജ് ഷീറ്റില്‍ പറയുന്നതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 37 ദിവസത്തിലധികമായി കായിക താരങ്ങള്‍ നടത്തിയ സമരത്തിന് പിന്നാലെയാണ് പൊലീസ് ചാര്‍ജ് ഷീറ്റ് പുറത്തുവന്നത്.

ആറു കേസുകളില്‍ രണ്ടെണ്ണം 354,354A,354D എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. നാലെണ്ണത്തില്‍ 354,354A എന്നിവയാണ് വകുപ്പുകള്‍. ലൈംഗികാതിക്രമ ആരോപണവുമായി ബന്ധപ്പെട്ട് ബ്രിജ് ഭൂഷണിനോട് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ജൂലൈ 18ന് ഹാജരാകാനാണ് ഡല്‍ഹി റോസ് അവന്യു കോടതിയുടെ നിര്‍ദേശം.

11-Jul-2023