മണിപ്പൂര്‍ കലാപം: പ്രമേയം പാസാക്കി യൂറോപ്യൻ യൂണിയൻ
അഡ്മിൻ
ഇന്ത്യയിലെ വടക്കുകിഴക്കൻ സംസ്ഥാങ്ങളിലെ "വംശീയവും മതപരവുമായ അക്രമങ്ങൾ" അവസാനിപ്പിക്കാൻ നിർണ്ണായക നടപടികൾ ആവശ്യപ്പെട്ട് ആറ് രാഷ്ട്രീയ ഗ്രൂപ്പുകളുടെ സംയുക്ത പ്രമേയം ബുധനാഴ്ച ഫ്രാൻസിലെ സ്ട്രാസ്ബർഗിൽ നടന്ന പ്ലീനറി സമ്മേളനത്തിൽ യൂറോപ്യൻ പാർലമെന്റ് അംഗീകരിച്ചു.
പ്രമേയം സംസ്ഥാനത്തെ ക്രിസ്ത്യൻ സമൂഹം ഉൾപ്പെടെ എല്ലാ മതന്യൂനപക്ഷങ്ങളെയും സംരക്ഷിക്കാനും ശുപാർശകൾക്ക് അനുസൃതമായി നിയമവിരുദ്ധമായ സായുധ സേന (പ്രത്യേക അധികാരങ്ങൾ) നിയമം പിൻവലിക്കാനും ഇന്ത്യയോട് ആവശ്യപ്പെടുന്നു.
2023 മെയ് 3 മുതൽ മണിപ്പൂരിൽ മെയ്തേയ്, കുക്കി വംശീയ വിഭാഗങ്ങൾ തമ്മിലുള്ള അക്രമാസക്തമായ ഏറ്റുമുട്ടലുകളിൽ 120 പേർ കൊല്ലപ്പെടുകയും 50,000 പേരെ മാറ്റിപ്പാർപ്പിക്കുകയും 1,700-ലധികം വീടുകളും 250 പള്ളികളും നിരവധി ക്ഷേത്രങ്ങളും നശിപ്പിക്കുകയും ചെയ്‌തതായും പ്രമേയം വിശദീകരിച്ചു.
രാഷ്ട്രീയ പ്രേരിതവും ഹിന്ദു ഭൂരിപക്ഷവാദം പ്രോത്സാഹിപ്പിക്കുന്ന വിഭജന നയങ്ങളും, തീവ്രവാദ പ്രവർത്തനങ്ങളുടെ വർദ്ധനവ്, കൊലപാതകങ്ങളിൽ സുരക്ഷാ സേനയുടെ പക്ഷപാതപരമായ പങ്കാളിത്തത്തിന്റെ കണക്കുകൾ എന്നിവ ഇന്ത്യൻ ഭരണകൂടത്തോടുള്ള പൊതു അവിശ്വാസം വർദ്ധിപ്പിച്ചതായി പ്രമേയം ആരോപിക്കുന്നു.
ആവശ്യമായ എല്ലാ നടുപടികളും കൈക്കൊള്ളാനും വംശീയവും മതപരവുമായ ആക്രമങ്ങൾ ഉടനടി അവസാനിപ്പിക്കാനും മണിപ്പൂരിലെ ക്രിസ്ത്യൻ സമൂഹം പോലെയുള്ള എല്ലാ മത ന്യൂനപക്ഷങ്ങളേയും സംരക്ഷിക്കാനും കൂടുതൽ തീവ്രമാകുന്നത് തടയാനും പ്രമേയം ഇന്ത്യയോട് ആവശ്യപ്പെട്ടു.മണിപ്പൂരിലെ സായുധ ഗ്രൂപ്പുകളോട് സംയമനം പാലിക്കണമെന്നും രാഷ്ട്രീയ നേതാക്കൾ പ്രകോപനപരമായ പ്രസ്താവനകൾ നടത്തരുതെന്നും പ്രമേയം ആവശ്യപ്പെടുന്നു. പകരം അവർ വിശ്വാസം പുനഃസ്ഥാപിക്കുകയും സംഘർഷങ്ങളിൽ മധ്യസ്ഥത വഹിക്കുന്നതിൽ നിഷ്പക്ഷമായ പങ്ക് വഹിക്കുകയും വേണം പ്രമേയം പറയുന്നു.
യൂറോപ്യൻ യൂണിയൻ-ഇന്ത്യ മനുഷ്യാവകാശ സംവാദം ശക്തിപ്പെടുത്താൻ ആഹ്വാനം ചെയ്തുകൊണ്ട്, യൂറോപ്യൻ കമ്മീഷൻ വൈസ് പ്രസിഡന്റിനോടും അംഗരാജ്യങ്ങളോടും ഇന്ത്യയുമായി ഏറ്റവും ഉയർന്ന തലത്തിൽ, പ്രത്യേകിച്ച് ആവിഷ്‌കാര സ്വാതന്ത്ര്യവും മതസ്വാതന്ത്ര്യവും സംബന്ധിച്ച് മനുഷ്യാവകാശ ആശങ്കകൾ വ്യവസ്ഥാപിതമായും പരസ്യമായും ഉന്നയിക്കാൻ പ്രമേയം ആവശ്യപ്പെടുന്നു. അതേസമയം, ഇത് ഇന്ത്യയുടെ അഭ്യന്തര കാര്യമാണെന്നും മണിപ്പൂർ വിഷയം യൂറോപ്യൻ പാർലമെന്റ് ചർച്ച ചെയ്യേണ്ടതില്ലെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു.