പ്രശസ്ത മനുഷ്യാവകാശ പ്രവർത്തക ടീസ്റ്റ സെതൽവാദിന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. 2002 ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജ രേഖകൾ ചമച്ചതും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതുമാണ് ടീസ്റ്റ സെതൽവാദിന് മേൽ ചുമത്തിയിരിക്കുന്ന കുറ്റം . ടീസ്റ്റ ഉടൻ കീഴടങ്ങണമെന്ന ഹൈക്കോടതി ഉത്തരവും സുപ്രീം കോടതി റദ്ദാക്കി
സ്ഥിരം ജാമ്യം നൽകുന്നെങ്കിലും ടീസ്റ്റ സാക്ഷികളെ സ്വാധീനിക്കുന്ന തരത്തിലുള്ള യാതൊരു നടപടികളിലേക്കും നീങ്ങരുതെന്നും , ടീസ്റ്റയുടെ പാസ്പോര്ട്ട് കസ്റ്റഡിയിൽ തന്നെ തുടരട്ടെയെന്നും സുപ്രീം കോടതി നിർദേശിച്ചു.
കേസിൽ ടീസ്റ്റ സമർപ്പിച്ച ഇടക്കാല ജാമ്യ ഹർജി ഗുജറാത്ത് ഹൈക്കോടതി തള്ളുകയും , ഉടൻ കീഴടങ്ങാൻ ആവശ്യപ്പെടുകയും ചെയ്തതിനെതിരെയാണ് ടീസ്റ്റ സുപ്രീം കോടതിയെ സമീപിച്ചത്.നേരത്തെ ടീസ്റ്റയ്ക്ക് ജാമ്യം നിഷേധിച്ച ഹൈക്കോടതി വിധിയെ സുപ്രീം കോടതി രൂക്ഷമായി തന്നെ വിമർശിച്ചു. ഗുജറാത്ത് ഹൈക്കോടതിയുടെ വിധി വികൃതവും , വൈരുധ്യാത്മകവുമാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.
ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരെ ടീസ്റ്റ സമർപ്പിച്ച ഹർജിയിൽ ജൂലൈ 19 വരെ സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഇക്കാലയളവിൽ ഒരിക്കൽ പോലും ടീസ്റ്റയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചില്ലെന്നു ചൂണ്ടിക്കാട്ടിയ ഹൈക്കോടതി , അത് കൊണ്ട് തന്നെ ടീസ്റ്റയെ കസ്റ്റഡിയിലെടുക്കേണ്ട സാഹചര്യം നില നിൽക്കുന്നില്ലെന്നും പറഞ്ഞു.