മതാചാരങ്ങള്‍ ഭരണഘടനാതത്വങ്ങള്‍ക്കു വിരുദ്ധമാകരുത് : സുപ്രീംകോടതി

ന്യൂഡല്‍ഹി : രാജ്യം റിപ്പബ്ലിക് ആയതുമുതല്‍ എല്ലാ ചലനങ്ങളും ഭരണഘടനയ്ക്കു വിധേയമായി മാത്രമാണു മുന്നോട്ടുപോകുന്നതെന്നും  മതാചാരങ്ങള്‍ ഭരണഘടനാതത്വങ്ങള്‍ക്കു വിരുദ്ധമാകരുതെന്നും സുപ്രീം കോടതി. ശബരിമലയിലെ സ്ത്രീപ്രവേശന നിയന്ത്രണം നീക്കണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കുമ്പോഴാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഇങ്ങനെ നിരീക്ഷിച്ചത്.

ശബരിമലയിലെ സ്ത്രീപ്രവേശനത്തിന് എതിരായ നിലപാടാണ് വാദത്തിന്റെ നാലാം ദിനമായ ഇന്നലെയും ദേവസ്വം ബോര്‍ഡ് കൈക്കൊണ്ടത്. ക്ഷേത്രാചാരങ്ങളില്‍ അന്തിമതീരുമാനമെടുക്കാനുള്ള അധികാരം തന്ത്രിക്കാണെന്നു ബോര്‍ഡിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് സിങ്‌വി വ്യക്തമാക്കി. നിലവിലെ നിയന്ത്രണങ്ങള്‍ 95 ശതമാനം സ്ത്രീകളും അംഗീകരിക്കുന്നുണ്ടെന്നും അഞ്ചു ശതമാനത്തിനു മാത്രമേ വിയോജിപ്പുള്ളൂവെന്നുമുള്ള ബോര്‍ഡിന്റെ വാദത്തോടു കോടതിയും യോജിച്ചു. സ്ത്രീ എന്ന ലിംഗവിഭാഗമല്ല നിയന്ത്രണത്തിന് അടിസ്ഥാനമെന്നു സിങ്‌വി ചൂണ്ടിക്കാട്ടി. 41 ദിവസത്തെ വ്രതം സ്ത്രീകള്‍ക്കു കണിശമായി പാലിക്കാനാകില്ല. അതുകൊണ്ടാണ് അവര്‍ക്കു നിയന്ത്രണമേര്‍പ്പെടുത്തിയത്. മുസ്ലിം പള്ളികള്‍ അടക്കം ഇതരമതസ്ഥരുടെ ആരാധനാലയങ്ങളിലും സ്ത്രീകള്‍ക്കു പ്രവേശന വിലക്കുണ്ടെന്നും അദ്ദേഹം വാദിച്ചു. ക്ഷേത്രത്തില്‍ സ്ത്രീകളെ വിലക്കുന്നത് ആചാരമാകുന്നതെങ്ങനെയെന്ന് ആരാഞ്ഞ ചീഫ് ജസ്റ്റിസ്, ഇത് ഭരണഘടനയ്ക്കു മേലുള്ള കടന്നുകയറ്റമാണെന്നു പറഞ്ഞു.

വിഷയത്തില്‍ കേരള സര്‍ക്കാര്‍ മൂന്നാം തവണയാണു നിലപാടു മാറുന്നതെന്നും വ്രതത്തിന്റെ പേരില്‍ മറ്റൊരുക്ഷേത്രവും സ്ത്രീകളെ വിലക്കുന്നില്ലെന്നും ജസ്റ്റിസ് ആര്‍ എഫ് നരിമാന്‍ പറഞ്ഞു.  എല്ലാ പ്രായക്കാരായ സ്ത്രീകളെയും പ്രവേശിപ്പിക്കണമെന്നാവശ്യപ്പെടുന്ന ഹര്‍ജി 1990ല്‍ കേരള ഹൈക്കോടതി തള്ളിയത് സിങ്‌വി ബെഞ്ചിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നു. മണ്ഡലകാലത്തെ അഞ്ചുദിവസം എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കാമെന്ന നിലപാട് ഹൈക്കോടതിയില്‍ ദേവസ്വം ബോര്‍ഡ് സ്വീകരിച്ച കാര്യം ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഉന്നയിച്ചു. ബോര്‍ഡിനു കൃത്യമായ നിലപാടില്ലെന്നു കുറ്റപ്പെടുത്തിയ അദ്ദേഹം, ബോര്‍ഡ് പറഞ്ഞത് അനുസരിച്ചാണെങ്കില്‍ ഋതുമതിയായ സ്ത്രീയുടെ പ്രവേശനത്തിന് അനുമതിയുള്ള ആ അഞ്ചുദിവസം അയ്യപ്പന്‍ ബ്രഹ്മചാരി അല്ലാതാകില്ലേയെന്നും ചോദിച്ചു.

ഭരണഘടനാപരമായ ധാര്‍മികത  പരിശോധിച്ചാല്‍ ദേവസ്വം ബോര്‍ഡിന്റെ വാദങ്ങള്‍ അംഗീകരിക്കാനാവില്ല. സ്ത്രീയായി ജനിച്ച കാരണത്താല്‍ ആ ദിവസം മുതല്‍ അവര്‍ ചില സാമൂഹികവ്യവസ്ഥകള്‍ക്കു വിധേയപ്പെടണം എന്നതല്ലേ നിങ്ങള്‍ ആവശ്യപ്പെടുന്നതെന്നും ചന്ദ്രചൂഡ് ചോദിച്ചു. കേസില്‍ ഇന്നും വാദം തുടരും. വെള്ളിയാഴ്ചത്തെ വാദത്തിനിടെ സ്ത്രീപ്രവേശനത്തെ സംസ്ഥാന സര്‍ക്കാര്‍ അനുകൂലിച്ചിരുന്നു. അന്ന് ബോര്‍ഡ് വിയോജിച്ചെങ്കിലും പിന്നീട് സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനോട് യോജിക്കുന്നതായി ബോര്‍ഡ് അധ്യക്ഷനും ദേവസ്വം മന്ത്രിയും അറിയിച്ചിരുന്നു. ഇതിനു വിരുദ്ധമായി ഇന്നലെ കേസ് പരിഗണിച്ചപ്പോള്‍ മുന്‍നിലപാടുതന്നെ ബോര്‍ഡ് ആവര്‍ത്തിച്ചു. തിരുത്തിയ നിലപാടില്‍ സത്യവാങ്മൂലം നല്‍കാമായിരുന്നെങ്കിലും അതുണ്ടായില്ല. ഈ സാഹചര്യത്തില്‍ പുറത്ത് സര്‍ക്കാര്‍ വാദത്തിനൊപ്പവും കോടതിക്കകത്ത് മുന്‍ നിലപാട് ആവര്‍ത്തിക്കുകയും ചെയ്യുന്ന ശൈലിയാണ് ബോര്‍ഡ് സ്വീകരിച്ചത്.    

25-Jul-2018