മലയാളത്തിന്റെ ഗസല്‍ സൗരഭ്യം ഉമ്പായി വിടവാങ്ങി.
അഡ്മിൻ
എറണാകുളം : മലയാളികളുടെ ഗസല്‍ സൗരഭ്യം ഉമ്പായി അന്തരിച്ചു. 68 വയസ്സായിരുന്നു. ശ്വാസകോശത്തില്‍ അര്‍ബുദ ബാധയുണ്ടായതിനെ തുടര്‍ന്ന് ചികിത്സയിലിയിക്കെയാണ് അന്ത്യം. ആലുവയിലെ അന്‍വര്‍ പാലിയേറ്റീവ് കെയര്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഗസല്‍ സംഗീതത്തെ ജനകീയമാക്കുന്നതില്‍ നിറസാന്നിദ്ധ്യമായിരുന്ന ഉമ്പായി അഞ്ച് പതിറ്റാണ്ട് കാലംസംഗീത ലോകത്ത് നിറസാന്നിധ്യമായിരുന്നു. കുട്ടിക്കാലത്ത് തന്നെ തബല വാദകനായി സംഗീത ലോക ത്തെത്തിയ അദ്ദേഹം പിന്നീട് ഗസലിന്റെ വഴിയിലേക്ക് എത്തുകയായിരുന്നു. കൊച്ചിയുടെ ജനകീയ ഗായകന് എച്ച്.മെഹ്ബൂബിന്റെ തബലിസ്റ്റായി പ്രവര്‍ത്തിച്ചു. തുടര്‍ന്ന് തബല പഠിക്കണമെന്ന ലക്ഷ്യത്തോടെ മുംബൈയിലേക്ക് പോയി. മുംബെയില്‍ ഉസ്താദ് മുജാ വര് അലിയുടെ അടുത്തെത്തി. അദ്ദേഹത്തിന്റെ ശിക്ഷണത്തില്‍ തബല അഭ്യസിച്ചു. ഉമ്പായിയുടെ ആലാപന മികവ് തിരിച്ചറിഞ്ഞത് മുജാവര്‍ അലിയാണ്. ഗസലിന്റെ വഴിയിലേക്ക് ഉമ്പായിയെ നയിച്ചതും അദ്ദേഹമായിരുന്നു. ജീവിക്കാനായി അദ്ദേഹം എല്ലാ ജോലികളും ചെയ്തു. ഗസല്‍ ജീവിതമാക്കിയ ഉമ്പായി കേരളത്തിലെത്തി, ഗസലിനായി സംഗീത ട്രൂപ്പുണ്ടാക്കി. മലയാളത്തിലെ ആദ്യ ഗസല്‍ സംഗീത ട്രൂപ്പായിരുന്നു അത്. ആദ്യമൊന്നും ഗസലിനെ ആരും സ്വീകരിച്ചില്ല. രാത്രി കാലത്ത് കൊച്ചിയിലെ ഹോട്ടലില്‍ പാടുമായിരുന്ന അദ്ദേഹം, ജീവിക്കാനായി പകല്‍ സമയത്ത് മറ്റ് ജോലികള്‍ ചെയ്തു. ഇതിനിടയില്‍ എറണാകുളം നഗരത്തില്‍ ഉത്തരേന്ത്യന്‍ സമൂഹത്തിന്റെ പ്രിയ പാട്ടുകാരനായി.
പ്രണാമം എന്ന പേരില്‍ ആദ്യത്തെ മലയാള ഗസല്‍ ആല്‍ബം അദ്ദേഹം പുറത്തിറക്കി. ഇത് വഴിത്തിരിവായി. ധാരാളം പേര് ഗസലിന്റെ ആരാധകരായി. പിന്നീട് ഒ എന്‍ വി., സച്ചിതാനന്ദന്, യൂസഫലി കേച്ചേരി , പ്രദീപ് അഷ്ടമിച്ചിറ, വേണു വി ദേശം തുടങ്ങിയവരുടെ വരികള്‍ ഗസലുകളാക്കി മാറ്റി. ഗസല്‍ ഈണം ഇഴുകി ചേര്‍ന്ന ആ കവിതകള്‍ ഹിറ്റായി. ഇതോടെ കേരളത്തിലെല്ലാം ഉമ്പായിക്ക് ആരാധകരുണ്ടായി. 24 ഗസല്‍ ആല്‍ബങ്ങള്‍ അദ്ദേഹത്തിന്റേതായി പുറത്തിറങ്ങി. ഇന്ത്യയിലെമ്പാടും, ഗള്‍ഫ് നാടുകളിലും ഗസലുകള്‍ അവതരിപ്പിച്ചു. ഭാര്യ: ഹബീബ, മക്കള്‍.ഷൈലജ, സബിത, സമീര്‍.
സംഘര്‍ഷം നിറഞ്ഞതായിരുന്നു ഉമ്പായിയുടെ മട്ടാഞ്ചേരിയിലെ ബാല്യവും തുടര്‍ന്നുള്ള യാത്രയും. സംഗീതത്തോടുള്ള താല്പര്യം പിതാവിന് ഒരിക്കലും സമ്മതമായില്ല. ദാരിദ്ര്യം എത്തിച്ചത് കുറ്റകൃത്യങ്ങളിലേക്ക്. വാച്ചും സുഗന്ധദ്രവ്യവുമെല്ലാം മോഷ്ടിച്ച് വില്‍ക്കും. സങ്കടങ്ങള്‍ തീര്‍ത്തത് മദ്യത്തില്‍. അപ്പോഴൊക്കെയും സംഗീതം വിടാതെ കൂടെ. സൈഗാളിനെയും റഫിയെയും മെഹബൂബിനെയും നെഞ്ചേറ്റിയ കൊച്ചിയില്‍ പാട്ട് കേള്‍ക്കുക, തബല വാദനം, ഹിന്ദുസ്ഥാനി സംഗീത പരിപാടികളില്‍ മുഴുകി. ഗസല്‍ സംഗീതത്തെ മലയാളത്തില്‍ ജനപ്രിയമാക്കാന്‍ ഉമ്പായിക്ക് കഴിഞ്ഞതാണ് മുന്നോട്ടുള്ള വഴിതുറന്നത്. മട്ടാഞ്ചേരിക്ക് ഹിന്ദുസ്ഥാനിയോട് നേരത്തെയുണ്ടായ ചാര്‍ച്ചകള്‍ ഗസലിലേക്ക് വഴിതിരിക്കുകയായിരുന്നു. ഇന്ത്യയിലും പാകിസ്ഥാനിലും ആസ്വാദക പ്രിയമായ ഗസല്‍ വൈകാരിക ഭാവങ്ങളെയും പ്രകൃതി സൗകുമാര്യത്തെയുമെല്ലാം ഹൃദയഭാവത്തിലേക്ക് ആവാഹിക്കുന്നതില്‍ മുമ്പില്‍. മെഹ്ദി ഹസ്സന്, ഗുലാം അലി, ജഗ്ജിത് സിങ് തുടങ്ങിയവരുടെ നിരയില്‍ മലയാളി അദ്ദേഹത്തെ ചേര്‍ത്തുവച്ചു.
ഉമ്പായി മലയാളത്തില്‍ ഗസലിന്റെ പര്യായമായ പേരെന്ന് പറഞ്ഞത് ഒ എന്‍ വി. 'പാടുക സൈഗാള്‍ പാടൂ' എന്ന കവിയുടെ വരികള്‍ ഉമ്പായിയുടെ ശബ്ദത്തില്‍ അലയടിച്ചത് അനേകം കാതുകളില്‍. 'ഹൃദയരാഗം' എന്ന ആല്‍ബത്തിലെ 'ശ്യാമസുന്ദര പുഷ്പമേ' അദ്ദേഹത്തിന്റെ മറ്റൊരു രചന. യൂസഫലിയുടെ 'നിലാവേ കണ്ടുവോ നീ രാഗവതിയാം എന്റെ പ്രേയസിയെ..' തുടങ്ങി നിരവധി ഗാനങ്ങള്‍ ആ ശബ്ദത്തിന്റെ മാസ്മരികത അനുഭവിപ്പിച്ചു. പ്രദീപ് അഷ്ടമിച്ചിറ, വേണുവിദേശം എന്നിവരുടെ വരികളും ഗസലിന്റെ മാധുര്യത്തില്‍ ആസ്വാദക പ്രിയങ്ങളായി. പി ഭാസ്കരന്, വയലാര്‍ എന്നിവരും എം എസ് ബാബുരാജുമെല്ലാം ഒരുക്കിയ നിരവധി പഴയ സിനിമാ ഗാനങ്ങള്‍ ഗസലിന്റെ ഭാവസൗന്ദര്യത്തിലേക്ക് ഉമ്പായി പുനര്‍രചിച്ചു.
പ്രകൃതിയും പ്രണയവും വിരഹവും വിഷാദവുമെല്ലാം ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്ന ശബ്ദത്തില്‍ പാടിയാണ് ഉമ്പായി മലയാളിക്ക് പ്രിയ ഗായകനായത്. ഗസലിന്റെ ശ്രുതിമാധുര്യമായി ഉമ്പായിയെന്ന് പേര് ആസ്വാദക മനസ്സില്‍ കുടിയിരുന്നത് ഈണത്തിന്റെ ഭാവമധുരിമയില്‍. കവിതയുടെ സൗന്ദര്യം ചോര്‍ന്നുപോകാത്ത ആലാപന ശൈലയിയായിരുന്നു മലയാളത്തിലെ മികച്ച കവികളുമായി ചേര്‍ത്തത്. ഒ എന്‍ വി കുറുപ്പിന്റെ ഗാനങ്ങളുടെ സംഗീതാവിഷ്കാരമായ പാടുക സൈഗാള്‍ പാടുക, സച്ചിദാനന്ദന്റെ വരികള്‍ക്ക് ഈണം നല്കിയ അകലെ മൗനംപോലെ എന്നീ ആല്‍ബങ്ങള്‍ ആ ആലാപന വ്യതിരിക്തത അടയാളപ്പെടുത്തി. കൂടാതെ യൂസഫലി കേച്ചേരിയുടെ വരികളുടെ വിസ്താരവും ആ ഗായകനെ ജനപ്രിയനാക്കി. അര്‍ത്ഥ സമ്പുഷ്ടവും ഭാവസാന്ദ്രവുമായ വരികളെ ഗാനത്തിലേക്ക് ആവാഹിച്ചായിരുന്നു ഉമ്പായി ഗസലിന്റെ സുല്‍ത്താനായി ഉയര്‍ന്നത്. അനാര്‍ഭാടമായ രാഗവിസ്താരത്തിലൂടെ ഭാവഗാംഭീര്യം ധ്വനിപ്പിക്കാന്‍ ആലാപനത്തിനു കഴിഞ്ഞു. ഗസലിന്റെ വശ്യമനോഹാരിതയില്‍ കവിഭാവന പുതിയ ഭാവഭംഗി കൈവരിച്ചു.
ഉമ്പായി വിട പറയുമ്പോള്‍ മലയാളത്തിന് അതൊരു തീരാനഷ്ടമായി മാറുകയാണ്. ഉമ്പായിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അനുശോചനം രേഖപ്പെടുത്തി.
02-Aug-2018
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ