കളമശ്ശേരി സ്‌ഫോടനം; മുഖ്യമന്ത്രി സര്‍വ്വകക്ഷി യോഗം വിളിച്ചു

കളമശ്ശേരി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി സര്‍വ്വകക്ഷി യോഗം വിളിച്ചു. എല്ലാ പാര്‍ട്ടി പ്രതിനിധികളേയും മുഖ്യമന്ത്രി സര്‍വ്വകക്ഷിയോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. നാളെ രാവിലെ 10 മണിക്ക് സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളിലാണ് സര്‍വ്വകക്ഷി യോഗം ചേരുക.

ഡല്‍ഹിയില്‍ പലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയില്‍ പങ്കെടുക്കാനായി പോയ മുഖ്യമന്ത്രി കേരളത്തിലേക്ക് തിരിച്ചു. വൈകുന്നേരത്തോടെ തിരുവനന്തപുരത്ത് എത്തുമെന്നാണ് വിവരം. അതേസമയം, അങ്ങേയറ്റം ദൗർഭാഗ്യകരമായ സംഭവമാണ് കളമശ്ശേരിയിൽ സംഭവിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു. മറ്റ് വിവരങ്ങൾ ഇപ്പോൾ പറയാറായിട്ടില്ല. ഗൗരവമായി തന്നെ അന്വേഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

29-Oct-2023