കളമശ്ശേരിയിലെ സ്ഫോടനം ; ഡൊമിനിക് മാര്‍ട്ടിന്‍റെ വീഡിയോ സന്ദേശം പുറത്ത്
അഡ്മിൻ
കളമശ്ശേരിയിലെ സ്ഫോടനം നടത്തിയത് താനാണെന്ന് അവകാശപ്പെട്ട് തൃശ്ശൂര്‍ കൊടകര പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയ എറണാകുളം തമ്മനം സ്വദേശിയായ ഡൊമിനിക് മാര്‍ട്ടിന്‍റെ വീഡിയോ സന്ദേശം പുറത്ത്.ബോംബ് സ്‌ഫോടനം നടത്തിയതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കൊണ്ട് ഫെയ്‌സ്ബുക്കില്‍ വീഡിയോ പങ്കുവെച്ചതിന് ശേഷമാണ് മാര്‍ട്ടിന്‍ കീഴടങ്ങിയത്.
സഭാ വിശ്വാസിയെന്ന് അവകാശപ്പെട്ട് എത്തിയ ഇയാള്‍ ചില തെളിവുകള്‍ ഹാജരാക്കിയതായും കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും എഡിജിപി മാധ്യമങ്ങളോട് പറഞ്ഞു.ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഇയാള്‍ സ്‌റ്റേഷനില്‍ കീഴടങ്ങിയത്. സംഭവത്തിന് തൊട്ട് പിന്നാലെ ഇയാള്‍ ഫെയ്‌സ് ബുക്ക് പേജില്‍ 12 മിനിറ്റോളം ദൈര്‍ഘ്യമുള്ള വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. യഹോവ സാക്ഷികള്‍ രാജ്യദ്രോഹികളാണെന്നും അവരോട് പ്രതികരിക്കാനാണ് സ്‌ഫോടനം നടത്തിയതെന്നും ഇയാള്‍ വീഡിയോയില്‍ പറയുന്നുണ്ട്.
ബോംബ് വെച്ചത് താനെന്നാണെന്നാണ് ഇയാള്‍ വീഡിയോയില്‍ അവകാശപ്പെടുന്നത്. സ്ഫോടനം നടത്തിയത് യഹോവ സാക്ഷികളോടുള്ള എതിര്‍പ്പുമൂലമാണെന്നും 16 വര്‍ഷമായി യഹോവ സാക്ഷികളില്‍ അംഗമാണെന്നും ഡൊമിനിക് അവകാശപ്പെട്ടു.യഹോവാ സാക്ഷികള്‍ രാജ്യദ്രോഹ സംഘടനയെന്ന് ആറു വര്‍ഷം മുന്‍പ് തിരിച്ചറിഞ്ഞുവെന്നും മറ്റുള്ളവര്‍ എല്ലാം നശിച്ചുപോകുമെന്നാണ് അവരുടെ പ്രചാരണമെന്നും തെറ്റായ ആശയങ്ങൾ പ്രചരിപ്പിക്കുന്നവരെ നിയന്ത്രിച്ചില്ലെങ്കില്‍ തന്നെ പോലുള്ള സാധാരണക്കാര്‍ പ്രതികരിക്കുമെന്നും ഡൊമിനിക് വീഡിയോയില്‍ പറയുന്നു.
എങ്ങനെ സ്ഫോടനം നടത്തിയെന്നത് മാധ്യമങ്ങള്‍ കാണിക്കരുതെന്നും ഡൊമിനിക് വീഡിയോയില്‍ പറയുന്നുണ്ട്. അഞ്ചു ദിവസം മുമ്പുണ്ടാക്കിയ ഫേയ്സ്ബുക്ക് പേജിലൂടെയാണ് ഡൊമിനിക് വീഡിയോ സന്ദേശം പുറത്തുവിട്ടിരിക്കുന്നത്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ ഡൊമിനിക് മാര്‍ട്ടിന്‍റെ പേരിലുള്ള ഫേയ്സ്ബുക്ക് പേജ് അപ്രത്യക്ഷമായിട്ടുണ്ട്.