കളമശ്ശേരി സ്‌ഫോടനം; ചികിത്സയില്‍ തുടരുന്നവരുടെ ചിലവ് സര്‍ക്കാര്‍ വഹിക്കും

കളമശ്ശേരിയില്‍ നടന്ന സ്‌ഫോടനത്തില്‍ പരിക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നവരുടെ ചിലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചികിത്സയില്‍ ഡോക്ടര്‍മാരും ആശുപത്രി സംവിധാനങ്ങളും അര്‍പ്പണ ബോധത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. ചികിത്സയില്‍ തുടരുന്നവരെ മികച്ച രീതിയില്‍ പരിചരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചികിത്സാ രംഗത്ത് നല്ല രീതിയുലുള്ള സമീപനമാണെന്നും കളമശ്ശേരിയില്‍ സ്‌ഫോടനം നടന്ന കണ്‍വെന്‍ഷന്‍ സെന്ററും പരിക്കേറ്റ് ചികിത്സയില്‍ തുടരുന്നവരെയും സന്ദര്‍ശിച്ച ശേഷം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വച്ച് മാധ്യമങ്ങളോട് സംസാരിക്കവേ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. സ്‌ഫോടനം സംബന്ധിച്ച അന്വേഷണം നല്ല രീതിയില്‍ മുന്നോട്ട് പോകുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

പ്രതിയുടെ വെളിപ്പെടുത്തലിനപ്പുറം വിഷയത്തില്‍ മറ്റെന്തെങ്കിലും ഉണ്ടെങ്കില്‍ അന്വേഷണത്തിലൂടെ തെളിയിക്കും. സംഭവത്തിന് മറ്റെന്തെങ്കിലും മാനമുണ്ടോയെന്ന് അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കും. എടിഎസ്, ഫിംഗര്‍ പ്രിന്റ് ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. ഡിജിപി ഉള്‍പ്പെടെ സ്ഥലത്ത് ക്യാമ്പ് ചെയ്ത് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നുണ്ട്. നല്ല രീതിയിലാണ് അന്വേഷണം മുന്നോട്ട് പോകുന്നതെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

സര്‍വക്ഷി യോഗത്തിനും നല്ല പ്രതികരണമാണ് ഉണ്ടായതെന്നും മാധ്യമങ്ങളും നല്ല രീതിയിലാണ് വിഷയം കൈകാര്യം ചെയ്തതെന്നും പറഞ്ഞ മുഖ്യമന്ത്രി സാമൂഹ്യ മാധ്യമങ്ങള്‍ വഴി കളമശ്ശേരി സ്‌ഫോടനം സംബന്ധിച്ച് വ്യാജ പ്രചരണം നടത്തിയാല്‍ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും മുന്നറിയിപ്പ് നല്‍കി.

30-Oct-2023