കേരളവര്‍മ്മ കോളജില്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ഡിസിസി പ്രസിഡന്റ് ഇടപെട്ടു: എസ്എഫ്‌ഐ

തൃശൂർ ശ്രീ കേരളവര്‍മ്മ കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കെ.എസ്.യുവിനെ നിയമപരമായി നേരിടാന്‍ വെല്ലുവിളിച്ച് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി. തിരഞ്ഞെടുപ്പ് സാമഗ്രികള്‍ ഇപ്പോഴും കോളജില്‍ ഉണ്ടെന്നും ബാലറ്റ് പേപ്പര്‍ ഉള്‍പ്പെടെ പരിശോധിക്കണമെന്നും വെല്ലുവിളിക്കുകയാണ് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോ പറഞ്ഞു.

കേരളവര്‍മ്മ കോളജില്‍ നടന്ന തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ഡിസിസി പ്രസിഡന്റ് ഇടപെട്ടെന്നാണ് എസ്എഫ്‌ഐയുടെ ആരോപണം. കോളജിലെ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജിന് പുറത്തുനിന്ന് ഡിസിസി പ്രസിഡന്റ് നിര്‍ദ്ദേശം നല്‍കി. ഡിസിസി പ്രസിഡന്റിന്റെ നിര്‍ദ്ദേശപ്രകാരമാണ് പ്രിന്‍സിപ്പല്‍ പ്രവര്‍ത്തിച്ചതെന്നും എസ്എഫ്‌ഐ ആരോപിക്കുന്നു.

ഈ വിവാദത്തിന് പിന്നാലെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരുന്നു. ഇതിനെതിരെ പ്രതിഷേധവുമായി കെഎസ്.യുവിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി.
തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് കെഎസ് യു ഹൈക്കോടതിയിലേക്ക് പോകാന്‍ ഇരിക്കെയാണ് എസ്എഫ്‌ഐയുടെ അപ്രതീക്ഷിത സത്യപ്രതിജ്ഞാ നീക്കം. കെ.എസ്.യു കോടതിയില്‍ കേസ് ഫയല്‍ ചെയ്യുന്നതിന് മുന്‍പ് തന്നെ അധികാരമേല്‍ക്കുക ലക്ഷ്യമിട്ടാണ് സത്യപ്രതിജ്ഞ നടത്തിയത്.

എന്നാൽ ഇത് എസ്എഫ്‌ഐയുടെ അട്ടിമറിയാണെന്നും എല്ലാ കോളജുകളിലും ഇവര്‍ ഇത്തരത്തിലാണ് പെരുമാറുന്നതെന്നുമാണ് കെ.എസ്.യുവിന്റെ ആരോപണം. തെരഞ്ഞെടുപ്പ് റിട്ടേണിംഗ് ഓഫീസര്‍ക്കെതിരെ വൈസ് ചാന്‍സിലര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ് KSU. കോളേജില്‍ ചെയര്‍മാന്‍ സ്ഥാനത്ത് എസ്എഫ്‌ഐയുടെ അനിരുദ്ധനാണ് വിജയിച്ചത്. കെഎസ്യുവിന്റെ ശ്രീക്കുട്ടനെ പരാജയപ്പെടുത്തിയായിരുന്നു ജയം. നേരത്തെ ശ്രീക്കുട്ടന്‍ ഒരു വോട്ട് ഭൂരിപക്ഷത്തില്‍ വിജയിച്ചതിനെ തുടര്‍ന്ന് എസ്എഫ്‌ഐയുടെ ആവശ്യപ്രകാരം റീകൗണ്ടിംഗ് നടത്തുകയായിരുന്നു. ഈ റീകൗണ്ടിംഗിലാണ് എസ്എഫ്‌ഐ വിജയിച്ചത്.

02-Nov-2023