കേരളം എല്ലാം കൊണ്ടും ചരിത്രത്തില്‍ ഇടം നേടിയ നാട്: മുഖ്യമന്ത്രി

സാമൂഹ്യ മാധ്യമങ്ങള്‍ ഇരുതല മൂര്‍ച്ചയുള്ള ആയുധങ്ങളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആര് എന്ത് ലക്ഷ്യത്തിനു വേണ്ടി സാമൂഹ്യമാധ്യമങ്ങള്‍ ഉപയോഗിക്കുന്നു എന്നതാണ് കാര്യം. നിര്‍ഭാഗ്യവശാല്‍ തമ്മില്‍ അടിപ്പിക്കാനും, വിദ്വേഷം പ്രകടിപ്പിക്കാനും ഇത് ഉപയോഗിക്കുന്നവരുണ്ട്. ഇത്തരം ശക്തികളെ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ പുസ്തകോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേരളീയത്തോട് അനുബന്ധിച്ചാണ് ഇത്തവണ പുസ്തകോത്സവം നേരത്തെ ആക്കിയത്. യഥാര്‍ത്ഥ ചരിത്രം എന്തെന്ന് മനസിലാക്കാന്‍ പുസ്തകവായന ആവശ്യമാണ്. എഴുത്തും വായനയും മലയാളികളുടെ അവിഭാജ്യഘടകമാണെന്ന് ലോകം വിലയിരുത്തും. കേരളം എല്ലാം കൊണ്ടും ചരിത്രത്തില്‍ ഇടം നേടിയ നാടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

41 വേദികളിലായി ഏഴു ദിവസം നീണ്ടുനില്‍ക്കുന്ന കേരളീയം പരിപാടിയ്ക്ക് ഇന്നലെയാണ് തലസ്ഥാനത്ത് തിരിതെളിഞ്ഞത്. കേരളത്തിന്റെ മികവുകളും നേട്ടങ്ങളും ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുകയെന്നതാണ് കേരളീയത്തിന്റെ ലക്ഷ്യം. കേരളത്തിന്റെ നേട്ടങ്ങള്‍ക്കൊപ്പം, സാംസ്‌കാരിക തനിമയും വിളിച്ചോതുന്നതായിരിക്കും ഓരോ പരിപാടിയും.

02-Nov-2023