സംസ്ഥാനത്ത് വാക്‌സിന്‍ പോളിസി നടപ്പിലാക്കും: മന്ത്രി വീണാ ജോര്‍ജ്

ഹ്യൂമന്‍ മോണോക്ലോണല്‍ ആന്റിബോഡി സംസ്ഥാനം സ്വന്തമായി വികസിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയിലൂടെയാണ് മോണോക്ലോണല്‍ ആന്റിബോഡി തദേശീയമായി വികസിപ്പിക്കുന്നത്.

സംസ്ഥാനത്ത് വാക്‌സിന്‍ പോളിസി നടപ്പിലാക്കും. ലാബ് നെറ്റ് വര്‍ക്ക് സംവിധാനം 2024ല്‍ യാഥാര്‍ത്ഥ്യമാക്കും. മുന്നിലുള്ള ലക്ഷ്യങ്ങള്‍ വളരെ വലുതാണ്.’മഹാമാരികളെ കേരളം നേരിട്ട വിധം’ കേരളീയം സെമിനാര്‍ മസ്‌കറ്റ് ഹോട്ടലില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

നിപ പ്രതിരോധം, ചികിത്സ, ഗവേഷണം എന്നീ ലക്ഷ്യങ്ങളോടെ കോഴിക്കോട് ഏകാരോഗ്യത്തിന്റെ (വണ്‍ ഹെല്‍ത്ത്) ഭാഗമായി നടത്തുന്ന പ്രവര്‍ത്തനങ്ങളെ സ്ഥാപനതലത്തിലാക്കുന്നതിന് കേരള വണ്‍ ഹെല്‍ത്ത് സെന്റര്‍ ഫോര്‍ നിപ റിസര്‍ച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സ്ഥാപിച്ചു.

മനുഷ്യന്റെ ചരിത്രം ഒട്ടനേകം മഹാമാരികളെ അതീജിവിച്ച് കടന്നുവന്നതാണ്. സമാനതകളില്ലാത്തവിധം എല്ലാ ഭൂഖണ്ഡങ്ങളേയും എല്ലാവരേയും ബാധിച്ച മഹാമാരിയാണ് കൊവിഡ് 19. സാര്‍സ് 1, മേഴ്‌സ് തുടങ്ങിയ വൈറസുകളേക്കാള്‍ അത്യന്തം പ്രഹരശേഷിയുള്ള വൈറസായിരുന്നു കൊവിഡ്. ഈ വൈറസിന്റെ പ്രഹരശേഷി കുറയ്ക്കുക എന്നത് വളരെ വെല്ലുവിളി നിറഞ്ഞതായിരുന്നു.

അതിനെ കേരളത്തിന്റെ പൊതുജനാരോഗ്യ സംവിധാനം അതിജീവിച്ചു എന്നത് അഭിമാനിക്കാവുന്ന കാര്യമാണ്. ആശുപത്രി, മരുന്ന്, രോഗികള്‍ എന്നിവയ്‌ക്കൊപ്പം മറ്റനേകം കാര്യങ്ങള്‍ക്കും കേരളം വളരെ നേരത്തെ നല്‍കിയ പ്രാധാന്യമാണ് ഇതിനെ ഫലപ്രദമായി പ്രതിരോധിക്കാന്‍ സാധിച്ചത്.

സമീപ കാലങ്ങളില്‍ കൊവിഡ്, മങ്കിപോക്‌സ്, നിപ, തുടങ്ങിയ അനേകം വെല്ലുവിളികളെ കേരളത്തിന് നേരിടേണ്ടി വന്നു. രാജ്യത്തെ ആദ്യ മങ്കിപോക്‌സ് കണ്ടുപിടിച്ചത് കേരളത്തിലാണ്. ഉയര്‍ന്ന ജനസാന്ദ്രത, വയോജനങ്ങള്‍ കൂടുതല്‍, ജീവിതശൈലീ രോഗങ്ങള്‍ തുടങ്ങിയവയുണ്ടായിരുന്നതിനാല്‍ ഇവയെ അതിജീവിക്കുക വലിയ വെല്ലുവിളിയായിരുന്നു.

2019ല്‍ കൊവിഡ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തന്നെ കേരളം മാതൃകയായ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തി. മുഖ്യമന്ത്രിയുടേയും അന്നത്തെ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടേയും നേതൃത്വത്തില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തി. കൊവിഡ് മഹാമാരിയെ നേരിടുന്നതിന് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി പ്രവര്‍ത്തനങ്ങള്‍ നടത്തി.

നിപ പ്രതിരോധത്തിലും കേരളം മികച്ച മാതൃകയാണ്. ആദ്യ നിപ കേസ് ഉണ്ടായത് കെ.കെ. ശൈലജ ടീച്ചറിന്റെ കാലത്താണ്. അതിനെ നേരിട്ടവിധം വളരെ പ്രശംസിക്കപ്പെട്ടു. 2023ല്‍ അടുത്തിടെ, കോഴിക്കോട് ഉണ്ടായ നിപയെ ആരംഭത്തില്‍ തന്നെ കണ്ടെത്തി ഫലപ്രദമായി പ്രതിരോധിക്കാന്‍ കഴിഞ്ഞത് നേട്ടമാണെന്നും മന്ത്രി വ്യക്തമാക്കി.

04-Nov-2023