കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധം മൂലമുള്ള ധന ഞെരുക്കമുണ്ടെങ്കിലും കേരളം ആത്മവിശ്വാസത്തോടെ കുതിക്കും: മന്ത്രി കെ എൻ ബാലഗോപാൽ

കേന്ദ്രസർക്കാർ ഏർപ്പെടുത്തുന്ന സാമ്പത്തിക ഉപരോധം മൂലമുള്ള ധനഞെരുക്കമുണ്ടെങ്കിലും കേരളം ആത്മവിശ്വാസത്തോടെ കുതിക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. കേരളീയത്തിന്റെ ഭാഗമായി നിയമസഭയിലെ ആർ ശങ്കരനാരായണൻ തമ്പി ഹാളിൽ ധനവകുപ്പ് സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

സമാനതകളില്ലാത്ത വികസന ക്ഷേമപ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്ന സർക്കാരിന് മുന്നിലുള്ള പ്രധാന പ്രതിബന്ധം കേന്ദ്രം ഏർപ്പെടുത്തുന്ന സാമ്പത്തിക ഉപരോധമാണ്. സംസ്ഥാനത്തിന് അർഹമായ കേന്ദ്രവിഹിതം തുടർച്ചയായി നിഷേധിക്കപ്പെടുകയാണ്. ധന ഉത്തരവാദിത്ത നിയമപ്രകാരം സംസ്ഥാനങ്ങൾക്കും കേന്ദ്രത്തിനും ആഭ്യന്തര വരുമാനത്തിന്റെ മൂന്നു ശതമാനം മാത്രമാണ് കടമെടുക്കാൻ അനുമതിയുള്ളത്. എന്നാൽ കഴിഞ്ഞ വർഷം കേന്ദ്രം കടമെടുത്തതാകട്ടെ 6.8 ശതമാനവും.

മൂന്നു ശതമാനം കടമെടുക്കാൻ അർഹതയുള്ള സംസ്ഥാനത്തിന് അർഹതപ്പെട്ട കട പരിധിയിൽ വെട്ടിക്കുറവ് വരുത്തിയതിനുശേഷം അനുവദിച്ചതാകട്ടെ 2.5 ശതമാനവുമെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്തെ വരുമാനത്തിന്റെ 64 ശതമാനവും കേന്ദ്രമാണ് ശേഖരിക്കുന്നത്. ചെലവാക്കുന്നത് 34 ശതമാനം മാത്രവും. 66 ശതമാനം ചെലവുകളും സംസ്ഥാനങ്ങളാണ് വഹിക്കുന്നത്. സംസ്ഥാനങ്ങളുടെ ചെലവ് ചെയ്യാനുള്ള പരിധി കുറക്കുന്ന കേന്ദ്ര നടപടി ഭരണഘടന അനുശാസിക്കുന്ന ഫെഡറൽ തത്വങ്ങളെ അട്ടിമറിക്കുന്നതാണ്. ഇതാണ് ധന ഞെരുക്കത്തിന് കാരണം. എങ്കിലും കേരളം ആത്മവിശ്വാസത്തോടെ മുന്നോട്ടു പോകും.

വിദ്യാഭ്യാസ, ആരോഗ്യ മേഖലയിൽ കേരളത്തെ ലോകത്തെ ഹബ്ബാക്കി മാറ്റും. സംസ്ഥാനത്ത് പ്രായമേറിയവരുടെ ജനസംഖ്യ വർധിക്കുന്ന പശ്ചാത്തലത്തിൽ കെയർ എക്കണോമി ശക്തിപ്പെടുത്തും. വിഴിഞ്ഞം തുറമുഖം പോലെ അടിസ്ഥാനസൗകര്യ വികസന രംഗത്ത് കൂടുതൽ നിക്ഷേപം നടത്തും. കാർഷിക മേഖലയെ ശക്തിപ്പെടുത്താൻ നടപടി സ്വീകരിക്കും. കേരളത്തിന്റെ ഭാവി വളർച്ചയിലെ ഏറ്റവും പ്രധാന നിക്ഷേപ പരിപാടിയാണ് കേരളീയം. തിരിഞ്ഞു നോട്ടത്തിന്റെയും പഠനത്തിന്റെയും വേദിയാണിത്.

കേരളീയം സെമിനാറിൽ ഉയർന്നുവന്ന വിദഗ്ധ നിർദേശങ്ങിൽ ചർച്ച തുടരും. അറിവിനെ അടിസ്ഥാനമാക്കിയുള്ള കുതിച്ചു ചാട്ടത്തിനാണ് സംസ്ഥാനം ഒരുങ്ങുന്നത്. ദൈനംദിന ജീവിത നിലവാരം അളക്കുന്ന എല്ലാ പഠനങ്ങളിലും കേരളം മുന്നിലാണ്. മൂന്ന് ലക്ഷം വീടുകൾ കൂടി നിർമിച്ചാൽ എല്ലാവർക്കും വീടുള്ള ലോകത്തിലെ അപൂർവ പ്രദേശമായി കേരളം മാറുമെന്നും മന്ത്രി വ്യക്തമാക്കി.

04-Nov-2023