പലസ്തീൻ വിഷയം രാഷ്ട്രീയ കൂട്ടുകെട്ടല്ല: എം വി ഗോവിന്ദൻ മാസ്റ്റർ

പലസ്തീനുള്ള ഐക്യദാർഢ്യം ശക്തിപ്പെടുത്താനൊരുങ്ങി സിപിഐഎം. സംസ്ഥാനത്തുടനീളം കൂടുതൽ കൂടുതൽ പലസ്തീൻ ഐക്യദാർഢ്യ പരിപാടികൾ സംഘടിപ്പിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. പലസ്തീനിൽ നടക്കുന്നത് വംശഹത്യയാണ്. കോഴിക്കോട് നടക്കുന്ന പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ എല്ലാ വിഭാഗങ്ങളെയും അണിനിരത്തുമെന്ന് അദ്ദേഹം പറഞ്ഞു.

മുസ്ലീം ലീഗിനെ ഉൾപ്പടെ പങ്കെടുപ്പിക്കാനമെന്ന നിലപാടാണ് സ്വീകരിച്ചത്. വിശ്വ അധിഷ്ഠിതമായാണ് നിലപാട് സ്വീകരിക്കുന്നത്. സിപിഐഎമ്മിന് അവസരവാദ നിലപാടില്ല. പലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽ മുസ്ലിം ലീഗിനെ ക്ഷണിച്ചപ്പോൾ സതീശനും സുധാകരനും ബേജാറായി. പരിപാടിയിൽ പങ്കെടുക്കാത്തതിന് കാരണമായി സാങ്കേതികം എന്ന് മാത്രമാണ് കുഞ്ഞാലിക്കുട്ടി പറഞ്ഞത്. കോൺഗ്രസിന്റെ വിലക്കാണ് ലീഗ് പറയുന്ന സാങ്കേതിക കാരണമെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ ആരോപിച്ചു.

ലീഗിനെ മുന്നണിയുടെ ഭാഗമാക്കുമെന്ന ഉത്കണ്ഠ വേണ്ടെന്ന് അദ്ദേഹം പറഞ്ഞു. പലസ്തീൻ വിഷയം രാഷ്ട്രീയ കൂട്ടുകെട്ടല്ല. പാർട്ടികൾ തമ്മിലുള്ള അകലമല്ല, മുദ്രാവാക്യമാണ് വിഷയമെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. പലസ്തീൻ ഐക്യാർഢ്യ പരിപാടി നടത്തിയതിന് ആര്യാടൻ ഷൗക്കത്തിനെതിരെ സംഘടനാ നടപടി സ്വീകരിക്കുകയുണ്ടായി. പലസ്തീൻ വിഷയത്തിൽ കോൺഗ്രസ് സമീപനം ഇതിലൂടെ വ്യക്തമാണ്.

ഇസ്രയേലിനൊപ്പം എന്നതാണ് കോൺഗ്രസിന്റെ നിലപാട്. പലസ്തീൻ ഐക്യദാർഢ്യ പരിപാടിയിലേക്ക് ആര്യാടനെ ക്ഷണിക്കും. അദേഹത്തെ പോലെ ചിന്തിക്കുന്ന കോൺഗ്രസ് പ്രവർത്തകരെ പരിപാടിയിലേക്ക് ക്ഷണിക്കുമെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

സർക്കാർ നടത്തുന്ന കേരളീയം പരിപാടിയെ രാഷ്ട്രീയമായി മാത്രം കാണേണ്ടതല്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു. യുഡിഎഫും ബിജെപിയും രാഷ്ട്രീയമായി മാത്രമാണ് പരിപാടിയെ കാണുന്നത്. എന്നാൽ കേരളീയം എന്നത് കേരളത്തിന്റെ ഭാവിക്കു മുതൽക്കൂട്ടാണ്. പരിപാടി മൂലധന നിക്ഷേപത്തിന് വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളീയത്തിൽ പങ്കെടുക്കരുത് എന്ന് കോൺഗ്രസ് പറഞ്ഞിട്ടും മണി ശങ്കർ അയ്യർ പങ്കെടുത്തു. യുഡിഎഫ് ബഹിഷ്കരിച്ചത് കൊണ്ട് നവകേരള സദസ്സ് ശുഷ്കമാവില്ലെന്നും എംവി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

05-Nov-2023