സിഎംആർ‌എൽ വിവാദത്തിൽ പ്രതികരണവുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്

മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനുമായി ബന്ധപ്പെട്ടുയർന്നുവന്ന സിഎംആർ‌എൽ വിവാദത്തിൽ എന്തുകൊണ്ട് മാനനഷ്ടക്കേസ് നൽകിയില്ലെന്ന് വിശദമാക്കി മന്ത്രിയും വീണയുടെ ഭർത്താവുമായ പി എ മുഹമ്മദ് റിയാസ്. പ്രമുഖമാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വീണാ വിജയനെതിരെ ഉയർന്നുവന്ന ആരോപണങ്ങളെക്കുറിച്ച് മുഹമ്മദ് റിയാസ് പറഞ്ഞിരിക്കുന്നത്.

ആരോപണങ്ങൾക്കെല്ലാം മാനനഷ്ടം ഫയൽ ചെയ്യാൻ പോയാൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇതിനകം എത്രയെണ്ണം ഫയൽ ചെയ്യേണ്ടി വന്നേനെ എന്നാണ് മുഹമ്മദ് റിയാസിന്റെ പ്രതികരണം.
ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കാലം തെളിയിച്ചിട്ടുള്ളതല്ലേ എന്നും അദ്ദേഹം പറയുന്നു.

മുഖ്യമന്ത്രിയുടെ മരുമകൻ പദവി താങ്കളുടെ രാഷ്ട്രീയജീവിതത്തെ ഏതെങ്കിലും തരത്തിൽ ബാധിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് മുഹമ്മദ് റിയാസിന്റെ മറുപടി ഇങ്ങനെയാണ്. വീണയുമായുള്ള വിവാഹത്തിനു ശേഷവും അദ്ദേഹവുമായുള്ള എന്റെ ബന്ധത്തിൽ തെല്ലും മാറ്റം വന്നിട്ടില്ല. അദ്ദേഹത്തെ അടുത്തറിയാവുന്നവർക്ക് അറിയാം, അങ്ങനെ ഒരു സ്വാധീനത്തിനും വഴിപ്പെടുന്നയാളല്ല. ഞങ്ങൾ രണ്ടുപേരും ഒരു കാര്യത്തിലും അനാവശ്യമായി ഇടപെടുന്നവരല്ല. അതു തന്നെയാണ് ഞങ്ങൾക്കിടയിലുള്ള കെമിസ്ട്രി മികച്ചതാവാനുള്ള കാരണമെന്നും അദ്ദേഹം പറഞ്ഞു.

വീണാ വിജയനെക്കുറിച്ച് സിഎംആർഎലുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ആരോപണങ്ങൾക്കെല്ലാം മാനനഷ്ടം ഫയൽ ചെയ്യാനാണെങ്കിൽ പിണറായി വിജയൻ ഇപ്പോൾ എന്തുമാത്രം എണ്ണം ഫയൽ ചെയ്യേണ്ടി വന്നേനെ? എത്ര അടിസ്ഥാനരഹിത ആരോപണങ്ങളാണ് അദ്ദേഹത്തിനെതിരെ വന്നിട്ടുള്ളത്. അവയെല്ലാം ആരോപണങ്ങൾ മാത്രമാണെന്ന് കാലം തെളിയിച്ചില്ലേ, അതെല്ലാം ജനങ്ങൾ കാണുന്നതുമല്ലേ.
വിവാദങ്ങൾ തൊടുത്തുവിട്ട് വീണയെ അല്ല ഉന്നം വെയ്ക്കുന്നത്. അതുവഴി മുഖ്യമന്ത്രിയെയാണ് പലരും ഉന്നം വെയ്ക്കുന്നതെന്നും അദ്ദേഹം പറയുന്നു.

05-Nov-2023