കേരളീയത്തിലൂടെ ഇനി എന്താവണം കേരളം എന്ന കാഴ്ചപ്പാട് കൂടി ഉരുത്തിരിഞ്ഞു: മന്ത്രി കെ എന്‍ ബാലഗോപാല്‍

കേരളീയം കേരളത്തിന് പകര്‍ന്നത് വലിയ അനുഭവമെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍. കേരളീയത്തിലൂടെ പ്രതീക്ഷിച്ചതിലും വലിയ നേട്ടങ്ങള്‍ ഉണ്ടാക്കാനും കേരളത്തിന്റെ നേട്ടങ്ങളെ തുറന്നു കാട്ടാനും കഴിഞ്ഞു.

കേരളീയത്തിലൂടെ ഇനി എന്താവണം കേരളം എന്ന കാഴ്ചപ്പാട് കൂടി ഉരുത്തിരിഞ്ഞുവെന്നും മന്ത്രി കെ എന്‍ ബാലഗോപാല്‍ കൂട്ടിച്ചേര്‍ത്തു. കേരളീയത്തിലൂടെ വാണിജ്യ വ്യവസായ മേഖലകള്‍ക്ക് പുത്തന്‍ ഉണര്‍വ് വന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ജനപങ്കാളിത്തം കൊണ്ടും അച്ചടക്കം കൊണ്ടും കേരളീയം 2023 ശ്രദ്ധേയമായെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഇതിലൂടെ തിരുവനന്തപുരത്തിന് പുത്തന്‍ അനുഭവമാണ് ഉണ്ടായത്. കേരളീയത്തിന്റെ ഭാഗമായി നടത്തിയ സെമിനാറുകളില്‍ 75000 പേര്‍ പങ്കെടുത്തു. കേരളത്തിന്റെ ഭാവിയിലേക്കുള്ള ചൂണ്ടുപലകയായി കേരളീയം മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളീയത്തിലൂടെ തലസ്ഥാനം ഉത്സവ നഗരിയായി മാറിയെന്ന് മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. കേരളീയം വിജയകരമാക്കാന്‍ മാധ്യമങ്ങള്‍ നല്ല പങ്ക് വഹിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം കേരളീയത്തിന്റെ അവസാന ദിവസമായ ചൊവ്വാഴ്ച സമാപന സമ്മേളനത്തിനായി ഉച്ചയ്ക്ക് 2.30 മുതല്‍ ആളുകള്‍ക്ക് സെന്‍ട്രല്‍ സ്റ്റേഡിയത്തിലേക്ക് പ്രവേശനം അനുവദിക്കുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. ഇലക്ട്രിക് ബസുകള്‍ പാര്‍ക്കിംഗ് പോയിന്റില്‍ നിന്ന് സര്‍വീസ് നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

06-Nov-2023