കേരളീയത്തില്‍ കുടുംബശ്രീക്ക് കൈനിറയെ നേട്ടം. നവംബര്‍ ഒന്നു മുതല്‍ ഏഴു വരെ കനകക്കുന്നില്‍ സംഘടിപ്പിച്ച കുടുംബശ്രീയുടെ ഫുഡ് കോര്‍ട്ട്, ഉല്‍പന്ന പ്രദര്‍ശന വിപണന സ്റ്റാളുകള്‍ എന്നിവയിലൂടെ 1.37 കോടി രൂപയുടെ വിറ്റുവരവാണ് വനിതാ സംരംഭകര്‍ സ്വന്തമാക്കിയത്.
‘മലയാളി അടുക്കള’ എന്നു പേരിട്ട ഫുഡ് കോര്‍ട്ടില്‍ നിന്നു മാത്രം 87.99 ലക്ഷം രൂപയും ഉല്‍പന്ന പ്രദര്‍ശന വിപണന മേളയില്‍ നിന്നും 48.71 ലക്ഷവും ലഭിച്ചു. ആകെ 1,36,69,911 രൂപയുടെ വിറ്റുവരവ്. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടറാണ് വാര്‍ത്താ കുറിപ്പിലൂടെ വിവരം അറിയിച്ചത്.
കേരളീയം അവസാന ദിവസമായ നവംബര്‍ ഏഴിനാണ് ഫുഡ്‌കോര്‍ട്ടില്‍ ഏറ്റവും കൂടുതല്‍ വിറ്റുവരവ് ലഭിച്ചത്. 18.56 ലക്ഷം രൂപ. ബ്രാന്‍ഡഡ് ഭക്ഷ്യവിഭവങ്ങളുടെ ശ്രേണിയില്‍ പുതുമയിലും സ്വാദിലും വേറിട്ടു നിന്ന അട്ടപ്പാടിയുടെ വനസുന്ദരി ഏറ്റവും കൂടുതല്‍ വിറ്റുവരവ് നേടി ഫുഡ്‌കോര്‍ട്ടിലെ താരമായി. 15.63 ലക്ഷമാണ് സംരംഭകര്‍ സ്വന്തമാക്കിയത്. കുടുംബശ്രീ ഉല്‍പന്ന പ്രദര്‍ശന വിപണന മേളയിലും ആകര്‍ഷകമായ വിറ്റുവരവ് നേടാനായി. ഏറ്റവും കൂടുതല്‍ നവംബര്‍ അഞ്ചിനാണ്. 10.08 ലക്ഷം രൂപ.
കേരളത്തിലെ എല്ലാ പ്രാദേശിക രുചിവൈവിധ്യങ്ങളും ആസ്വദിച്ചറിയുന്നതിനുള്ള അപൂര്‍വ അവസരം ഏവരും പ്രയോജനപ്പെടുത്തുകയും ചെയ്തു.ലക്ഷക്കണക്കിന് പേര്‍ സന്ദര്‍ശിച്ച ഫുഡ്‌കോര്‍ട്ടിലും വിപണന സ്റ്റാളിലും പൂര്‍ണമായും ഹരിത ചട്ടം പാലിക്കാനും ഫലപ്രദമായ മാലിന്യ സംസ്‌ക്കരണം നടപ്പാക്കാന്‍ കഴിഞ്ഞതും നേട്ടമാണ്.