ഇങ്ങോട്ട് ചിരിച്ചാല്‍ പോലും ചിരിക്കാത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകരുണ്ട്: കെ സുധാകരൻ
അഡ്മിൻ
കെപിസിസി വിളിക്കുന്ന യോഗത്തില്‍ പങ്കെടുക്കാന്‍ താത്പര്യമില്ലാത്തവര്‍ രാജിവെച്ച് പുറത്തുപോകണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ജില്ലാകണ്‍വെന്‍ഷന്‍ യോഗത്തില്‍ പങ്കെടുക്കാത്തവര്‍ക്കെതിരെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി നടപടി സ്വീകരിക്കുമെന്നും സുധാകരന്‍ പറഞ്ഞു. തൃശൂര്‍ ജില്ലാ കോണ്‍ഗ്രസ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ സുധാകരന്‍.
മണ്ഡലം കമ്മറ്റി ഓഫീസ് താഴിട്ട് പൂട്ടിയവനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്നും ഇങ്ങോട്ട് ചിരിച്ചാല്‍ പോലും ചിരിക്കാത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകരുണ്ടെന്നും സുധാകരന്‍ വിമര്‍ശിച്ചു. പോകുന്ന വഴിയില്‍ ഒരാള്‍ രോഗിയായി കിടക്കുന്നതറിഞ്ഞാല്‍ പോലും പലരും പോയി കാണാറില്ലെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.
ഇടതുപക്ഷം എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുകയാണെന്നും വരുന്ന തെരഞ്ഞെടുപ്പ് എളുപ്പമുള്ളതാകുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരാരും കരുതേണ്ടെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. സിപിഐഎമ്മിനെ പരാജയപ്പെടുത്താന്‍ അവസരം കിട്ടുമ്പോള്‍ ഉപയോഗപ്പെടുത്തിയില്ലെങ്കില്‍ എന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് സത്ബുദ്ധിയുണ്ടാവുക എന്നും സുധാകരന്‍ ചോദിച്ചു.