ബിഹാറിൽ 50 ശതമാനത്തിൽ നിന്ന് ജാതി സംവരണം 65 ശതമാനമായി ഉയരും
അഡ്മിൻ
ജാതി സംവരണം 65 ശതമാനമാക്കി ഉയർത്താനുള്ള ബിൽ ബിഹാർ നിയമസഭ പാസാക്കി. ബിഹാറിലെ സർക്കാർ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമുള്ള സംവരണം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ളതായിരുന്നു ബിൽ. സംസ്ഥാനത്തെ പിന്നാക്ക വിഭാഗങ്ങൾ, പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കുള്ള സംവരണം വർദ്ധിപ്പിക്കാനുള്ള നിർദ്ദേശത്തിന് ചൊവ്വാഴ്ച മന്ത്രിസഭ അനുമതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ബിൽ പാസാക്കുന്നത്.
പട്ടികജാതി-പട്ടികവർഗക്കാർക്കും മറ്റ് പിന്നാക്ക വിഭാഗങ്ങൾക്കും അങ്ങേയറ്റം പിന്നാക്ക വിഭാഗങ്ങൾക്കും സംവരണം 65 ശതമാനമായി ഉയർത്താനുള്ള നിർദ്ദേശം മുഖ്യമന്ത്രി നിതീഷ് കുമാറാണ് മുന്നോട്ട് വച്ചത്. ഇതോടെ 50 ശതമാനത്തിൽ നിന്ന് സംവരണം 65 ശതമാനമായി ഉയരും.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കുള്ള (ഇഡബ്ല്യുഎസ്) കേന്ദ്രത്തിന്റെ 10 ശതമാനം സംവരണം കൂടെ സംയോജിപ്പിച്ചാൽ സംസ്ഥാനത്തെ സംവരണ ശതമാനം 75 ആകും.
ബീഹാറിലെ സംവരണം
പട്ടികജാതി (എസ്‌സി): 20%
പട്ടികവർഗ്ഗങ്ങൾ (എസ്ടി): 2%
മറ്റ് പിന്നാക്ക വിഭാഗങ്ങൾ (ഒബിസി), അങ്ങേയറ്റം പിന്നാക്ക വിഭാഗങ്ങൾ (ഇബിസി): 43%
നിലവിൽ, സംസ്ഥാനത്തെ സർക്കാർ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇബിസികൾക്ക് 18 ശതമാനവും ഒബിസികൾക്ക് 12 ശതമാനവും എസ്‌സികൾക്ക് 16 ശതമാനവും എസ്ടികൾക്ക് 1 ശതമാനവും പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ള സ്ത്രീകൾക്ക് മൂന്ന് ശതമാനവുമാണ് സംവരണം നൽകിയിരിക്കുന്നത്.
അതേസമയം ബില്ലിലെ സംവരണ വിഭജനത്തിൽ ഇഡബ്ല്യുഎസിനെ പരിഗണിച്ചില്ലെന്നും, ഇഡബ്ല്യുഎസ് സംവരണത്തിൽ ബന്ധപ്പെട്ട് ആശയക്കുഴപ്പം ഉണ്ടാകരുതെന്നും ബിജെപി നിയമസഭയിൽ പറഞ്ഞു. എന്നാൽ ആശയക്കുഴപ്പമില്ലെന്നും പട്ടികജാതി, പട്ടികവർഗ, മറ്റ് പിന്നാക്ക വിഭാഗങ്ങൾക്കുള്ള സംവരണ ഭേദഗതിയുമായി ബന്ധപ്പെട്ടതാണെന്ന് ബില്ലിന്റെ പേരിൽ നിന്ന് വ്യക്തമാണെന്നും മന്ത്രി വിജയ് കുമാർ ചൗധരി വ്യക്തമാക്കി.
ജാതി സർവേയിലൂടെ ബിഹാർ സർക്കാർ മുസ്ലീങ്ങളുടെയും യാദവരുടെയും ജനസംഖ്യ വർദ്ധിപ്പിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആരോപിച്ചതിന് പിന്നാലെയാണ് നിതീഷ് കുമാർ ഈ ജാതി സംവരണം വർധിപ്പിക്കുന്നത്.