സ്പീക്കര്‍ വിളിച്ചുചേര്‍ത്ത സഭ സമ്മേളനം അസാധുവാണെന്ന് പറയാന്‍ ഗവര്‍ണര്‍ക്കെന്താണ് അധികാരം: സുപ്രീം കോടതി
അഡ്മിൻ
നിയമസഭ പാസാക്കുന്ന ബില്ലുകള്‍ പിടിച്ചുവയ്ക്കാന്‍ ഗവര്‍ണര്‍ക്കെന്താണ് അധികാരമെന്ന് സുപ്രീം കോടതി. നിയമസഭ പാസാക്കിയ ബില്ലുകള്‍ ഒപ്പിടാന്‍ ഗവര്‍ണര്‍മാര്‍ വൈകിപ്പിക്കുന്നതിനെതിരെ തമിഴ്നാടും പഞ്ചാബും സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കുമ്പോഴായിരുന്നു സുപ്രീംകോടതിയുടെ വിമര്‍ശനം. തമിഴ്നാട് നിയമസഭ പാസാക്കിയ 12 ബില്ലുകള്‍ ഗവര്‍ണര്‍ ആര്‍എന്‍ രവിയുടെ പക്കല്‍ കെട്ടിക്കിടക്കുന്നതായി കോടതി നിരീക്ഷിച്ചു.
വിഷയം ഗൗരവകരമാണെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാര്‍ കോടതിയെ സമീപിച്ചതിന് ശേഷം മാത്രം ഗവര്‍ണര്‍മാര്‍ ബില്ലുകളില്‍ ഇടപെടുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് കോടതി വ്യക്തമാക്കി. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന് കത്തയക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പഞ്ചാബിനും തമിഴ്നാടിനും പുറമേ ഗവര്‍ണര്‍മാരുടെ നടപടികള്‍ക്കെതിരെ കേരളവും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. കേരളം സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി പരിഗണിക്കാനിരിക്കുകയാണ്. ബില്ലുകള്‍ വൈകിപ്പിക്കുന്നതിനെതിരെ തെലങ്കാനയും നേരത്തെ റിട്ട് ഹര്‍ജി നല്‍കിയിരുന്നു. അതേ സമയം പഞ്ചാബ് സര്‍ക്കാരിന്റെ സമാന ഹര്‍ജിയില്‍ വാദം കേട്ട സുപ്രീം കോടതി ഗവര്‍ണര്‍ തീ കൊണ്ടാണ് കളിക്കുന്നതെന്ന് അഭിപ്രായപ്പെട്ടു.
തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് ബില്ലുകള്‍ പാസാക്കിയത്. അത് തടയാന്‍ ഗവര്‍ണര്‍ക്കെന്താണ് അധികാരം. ഇത്തരത്തിലാണെങ്കില്‍ പാര്‍ലമെന്ററി ജനാധിപത്യം എങ്ങനെ തുടരുമെന്നും സ്പീക്കര്‍ വിളിച്ചുചേര്‍ത്ത സഭ സമ്മേളനം അസാധുവാണെന്ന് പറയാന്‍ ഗവര്‍ണര്‍ക്കെന്താണ് അധികാരമെന്നും കോടതി ചോദിച്ചു.