പലസ്തീൻ വിഷയത്തിൽ കോൺഗ്രസിനെ പ്രതിസന്ധിയിലാക്കിയത് ശശി തരൂർ: കെ മുരളീധരൻ

പലസ്തീൻ വിഷയത്തിൽ കോൺഗ്രസിനെ പ്രതിസന്ധിയിലാക്കിയത് ശശി തരൂരാണെന്നും തരൂരിന്റെ ആ വാചകം കോൺഗ്രസ് അംഗീകരിക്കുന്നില്ലെന്നും കെ.മുരളീധരൻ എംപി. കോൺഗ്രസ് പ്രവർത്തക സമിതി അത്തരം നിലപാടുകൾ തള്ളിക്കളഞ്ഞതാണെന്ന് അദ്ദേഹം വ്യക്തമാക്കി.

പാർട്ടി നിലപാട് രമേശ് ചെന്നിത്തല കോഴിക്കോടു വ്യക്തമാക്കിയിരുന്നു. ഒക്ടോബർ ഏഴിന് നടന്ന സംഭവങ്ങൾ വർഷങ്ങളായി പീഡനം അനുഭവിക്കുന്ന ഒരു ജനതയുടെ വികാര പ്രകടനമായി മാത്രമേ കാണുന്നുള്ളൂവെന്നും മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.

'ഒക്ടോബർ ഏഴിനു നടന്നത് ഒരു ഭീകരാക്രമണമല്ല എന്നാണ് കോൺഗ്രസ് പാർട്ടിയുടെ നിലപാട്. അത് ദുരിതമനുഭവിക്കുന്നവരുടെ ഒരു വികാരപ്രകടനമായി കണ്ടാൽ മതി. പക്ഷേ, അതിനു ശേഷം നടക്കുന്ന എല്ലാം ഒരു ജനതയെ ഇല്ലാതാക്കാനുള്ള ശ്രമമാണ്. പലസ്തീൻ വിഷയത്തിൽ കോൺഗ്രസിന്റെ നിലപാട് കൃത്യമാണ്. കോൺഗ്രസ് നിലപാടിൽ ഒരുകാലത്തും വെള്ളം ചേർത്തിട്ടില്ല. ആ കാര്യത്തിൽ പാർട്ടി ശക്തമായിട്ടുള്ള നിലപാട് സ്വീകരിച്ചിട്ടുണ്ട്. അതു ഞങ്ങൾ ജനങ്ങളോടു വിശദീകരിച്ചിട്ടുണ്ട്. ഇനി 23-ാം തീയതി കോൺഗ്രസിന്റെ റാലി നടക്കുന്നുണ്ടല്ലോ. അവിടെ നേതാക്കൻ വളരെ വ്യക്തമായി കാര്യങ്ങൾ പറയും.

''ശശി തരൂരിനെ റാലിയിലേക്ക് ക്ഷണിക്കണോ എന്ന് സംഘാടകരാണ് തീരുമാനിക്കേണ്ടത്. അദ്ദേഹത്തിന്റെ അന്നത്തെ ഒരു വാചകം അദ്ദേഹം തന്നെ തിരുത്തേണ്ടത്. അതാണ് എല്ലാ പ്രശ്‌നങ്ങൾക്കും കാരണമായത്. അത് അദ്ദേഹം തിരുത്തുമെന്നാണ് എന്റെ പ്രതീക്ഷ. തരൂർ തിരുത്തിക്കഴിഞ്ഞാൽപ്പിന്നെ കോൺഗ്രസിനെക്കുറിച്ച് ഒന്നും പറയാൻ ആർക്കും കഴിയില്ല.

'തരൂർ പരിപാടിയിൽ പങ്കെടുക്കണോ എന്നു തീരുമാനിക്കേണ്ടത് സംഘാടകരാണ്. അവരാണ് ക്ഷണിക്കേണ്ടത്. എന്നെ ക്ഷണിച്ചു. അതുകൊണ്ട് ഞാൻ പോകും. ബാക്കി ആരെയൊക്കെ ക്ഷണിച്ചു എന്ന് ഞാൻ അന്വേഷിച്ചിട്ടില്ല. എനിക്ക് അതിന്റെ ആവശ്യവുമില്ല. പാർട്ടി നടത്തുന്ന ഒരു പരിപാടിയിൽ ആർക്കും പങ്കെടുക്കാം. എന്നെ ക്ഷണിച്ചില്ലെങ്കിൽപ്പോലും ഞാൻ പങ്കെടുക്കും. പക്ഷേ, എന്നെ ക്ഷണിച്ചു. അന്ന് അദ്ദേഹത്തിനു ചില അസൗകര്യങ്ങൾ ഉള്ളതായി അദ്ദേഹം തന്നെ പറഞ്ഞതായി കേട്ടു. അദ്ദേഹത്തെ ക്ഷണിച്ചോ എന്ന് എനിക്കറിയില്ല. എന്തായാലും ഞാൻ 23-ാം തീയതി ഉണ്ടാകും.' മുരളീധരൻ പറഞ്ഞു.

12-Nov-2023